പന്നിവിളയാട്ടം; പൂഴിക്കാട്ട് നെൽക്കൃഷി, കുരമ്പാലയിൽ വാഴത്തൈകൾ

Mail This Article
പന്തളം ∙ ഏഴേക്കർ പാടത്തെ പകുതിയോളം ഭാഗത്തെ നെൽക്കൃഷി പന്നി നശിപ്പിച്ചു. പൂഴിക്കാട് ശാസ്താംപടി ഏലായിലാണ് കാട്ടുപന്നികളുടെ ആക്രമണം. ആശങ്കയിലായ കർഷകർ നെല്ല് പാകമാകും മുൻപ് യന്ത്രസഹായത്തോടെ വിളവെടുത്തു. പൂർണവിളവെത്തും മുൻപ് കൊയ്യുന്നത് നഷ്ടമാണെങ്കിലും പന്നി ബാക്കിവച്ചതെങ്കിലും കൊയ്തെടുക്കാനായിരുന്നു ശ്രമം. പൗർണമി ഇനം നെല്ലാണ് ഇത്തവണ കൃഷി ചെയ്തത്. ഒക്ടോബർ 9നായിരുന്നു വിത.
110 ദിവസമായിരുന്നു പാകമാകാനുള്ള സമയം. ഇപ്പോൾ 95 ദിവസമേയായുള്ളു. പന്നിയുടെ ആക്രമണം രൂക്ഷമായതോടെയാണ് അടിയന്തരമായി യന്ത്രമെത്തിച്ചു കൊയ്ത്ത് നടത്തിയത്. പൂഴിക്കാട് ഹരിഹരജവിലാസത്തിൽ ചന്ദ്രൻ ഉണ്ണിത്താൻ, രാമചന്ദ്രക്കുറുപ്പ്, സുകുമാരപിള്ള എന്നിവരാണ് കർഷകർ. കപ്പ, ചേമ്പ് അടക്കം സർവതും പന്നി നശിപ്പിക്കുകയാണെന്നും നെൽക്കൃഷിയും ഇനി തുടരാനാകാത്ത സ്ഥിതിയാണെന്നും ചന്ദ്രൻ ഉണ്ണിത്താൻ പറഞ്ഞു

കുരമ്പാലയിൽ നശിപ്പിച്ചത് 250 മൂട് വാഴ
കുരമ്പാല തെക്ക് പുത്തൻവീട്ടിൽ മനോജിന്റെ കൃഷിയിടത്തിലെ 250 മൂട് വാഴത്തൈകളാണ് കഴിഞ്ഞ രാത്രിയിൽ പന്നി നശിപ്പിച്ചത്. നട്ട് വളർത്തി 2 മാസം തികയും മുൻപാണ് പന്നിയുടെ ആക്രമണം. ഓണത്തിന് വിളവെടുക്കാമെന്ന കണക്കുകൂട്ടലിൽ നട്ട ഏത്തവാഴത്തൈകളാണ് പൂർണമായും നഷ്ടമായത്.