കനത്ത ചൂട്, കടുത്ത ജലക്ഷാമം; വെള്ളമില്ലാതെ ജനം വലയുന്നു

Mail This Article
അടൂർ ∙ ചൂട് കടുത്തതോടെ നഗരസഭാ പ്രദേശങ്ങൾ കടുത്ത ജലക്ഷാമത്തിലേക്കു നീങ്ങുന്നു. പന്നിവിഴ, ഗാന്ധിനഗർ, മിത്രപുരം, കൈമലപ്പാറ, കോട്ടപ്പുറം, അയ്യപ്പൻപാറ, ആനന്ദപ്പള്ളി, പോത്രാട് പ്രദേശങ്ങളിൽ ജലക്ഷാമത്താൽ വലഞ്ഞിരിക്കുകയാണു ജനങ്ങൾ. പൈപ്പുലൈനുകളിലൂടെ വെള്ളമെത്തുന്നതിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളേറയായി. നഗരസഭയിലെ എല്ലാ വാർഡുകളിലും വെള്ളമെത്തിക്കുന്നതിനുള്ള അമൃത് ശുദ്ധജല പദ്ധതി ഇതുവരെ യാഥാർഥ്യമായില്ല. നഗരസഭയിൽ ജലക്ഷാമം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന പ്രദേശങ്ങളിലൊന്നാണ് കൈമലപ്പാറ. ഉയർന്ന പ്രദേശമായതിനാൽ ഇവിടേക്ക് പൈപ്പുകളിൽ കൂടി വെള്ളമെത്താത്ത സ്ഥിതിയാണ്.
ചൂടിന്റെ കാഠിന്യം കൂടിയതിനാൽ കിണറുകളിലെ വെള്ളം വറ്റി തുടങ്ങിയതിനാൽ വെള്ളത്തിനായി പരക്കം പായുകയാണ്. ബന്ധുവീടുകളിലും മറ്റും പോയി വെള്ളം ചുമന്നു കൊണ്ടുവരേണ്ട ഗതികേടിലായി. ചില വീട്ടുകാർ വെള്ളം വിലയ്ക്കു വരെ വാങ്ങുന്നുണ്ട്. പന്നിവിഴ ഗുരുമന്ദിരം ഭാഗം, കല്ലേത്തുഭാഗം, തെങ്ങുവിളപ്പടി എന്നിവിടങ്ങളിലും ജലക്ഷാമം രൂക്ഷമാണ്. കിണറില്ലാത്ത പത്തോളം വീട്ടുകാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഗാന്ധിനഗർ ഭാഗത്ത് പൈപ്പുലൈനുകളിൽ കൂടി വെള്ളമെത്തിയിട്ട് 6 മാസത്തിലേറെയായതായി സ്ഥലവാസികൾ പരാതിപ്പെട്ടു. ഇവിടേക്ക് മാത്രമായി നേരത്തെ പ്രത്യേക പൈപ്പുലൈൻ വലിച്ചിട്ടു പോലും അതിൽ കൂടിയും വെള്ളമെത്തുന്നില്ല. ഇവിടെയുള്ളവരും കിലോമീറ്ററുകൾ താണ്ടിയാണ് വീട്ടാവശ്യത്തിന് വെള്ളമെത്തിക്കുന്നത്.
അമൃത് പദ്ധതി, കാത്തിരിക്കണം
നഗരസഭയിലെ എല്ലാ വാർഡുകളിലും വെള്ളമെത്തിക്കാനുള്ള അമൃത് ശുദ്ധജല പദ്ധതിക്കായി ഇനി ഒന്നര വർഷത്തോളം കാത്തിരിക്കണം. പഴയ പൈപ്പ് ലൈനുകൾ മാറ്റി പുതിയതു സ്ഥാപിക്കുന്നതിന്റെയും പൈപ്പ് ലൈനുകൾ എത്താത്ത പ്രദേശങ്ങളിൽ പൈപ്പ് ലൈൻ വലിക്കുന്നതിന്റെയും ജോലികളും വീടുകളിൽ ടാപ്പുകൾ സ്ഥാപിക്കുന്നതിന്റെ പണികളും അവസാനഘട്ടത്തിലെത്തി. ഇനിയും പൈപ്പ് ലൈനുകൾ വലിക്കാനുണ്ട്. എന്നാൽ കൈമലപ്പാറയിൽ ഓവർഹെഡ് വാട്ടർ ടാങ്ക് സ്ഥാപിക്കുന്നതിന്റെയും ചിരണിക്കലിലെ ജലശുദ്ധീകരണ ശാലയുടെ നവീകരണത്തിന്റെയും പണികൾ തുടങ്ങുന്നതിനുള്ള ടെൻഡർ നടപടികൾ നടക്കുന്നതേയുള്ളൂ. ടെൻഡർ നടപടികൾ നീണ്ടുപോകുന്നതാണു പദ്ധതിയുടെ പൂർത്തീകരണത്തിന് കാലതാമസം നേരിടുന്നത്.