ജീവനക്കാർക്ക് താമസ സൗകര്യം; എപ്പോൾ എത്തും ബസ്

Mail This Article
തണ്ണിത്തോട് ∙ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കരിമാൻതോട്ടിൽ കെഎസ്ആർടിസി സ്റ്റേ ബസിലെ ജീവനക്കാർക്ക് താമസ സൗകര്യമൊരുങ്ങി. ജീവനക്കാർക്ക് താമസിക്കാനുള്ള സൗകര്യമില്ലാത്തതാണ് ബസ് സർവീസ് പുനരാരംഭിക്കാത്തതെന്ന് പരാതി ഒഴിഞ്ഞു. ഇനി മന്ത്രി വാക്ക് പാലിച്ചാൽ ബസ് ഉടനെത്തും. കെഎസ്ആർടിസി ബസ് ജീവനക്കാർക്ക് താമസിക്കാനുള്ള അടിസ്ഥാന സൗകര്യം പഞ്ചായത്ത് ഒരുക്കുന്ന മുറയ്ക്ക് കരിമാൻതോട് സ്റ്റേ ബസ് സർവീസ് പരിഗണിക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ്കുമാർ കഴിഞ്ഞ ദിവസം നിയമസഭയിൽ അറിയിച്ചിരുന്നു.
കെ.യു.ജനീഷ്കുമാർ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കോവിഡ് കാലത്ത് നിർത്തലാക്കിയ കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ വേർതിരിവില്ലാതെ നാട്ടുകാർ ഒത്തുചേർന്ന് ‘സേവ് കെഎസ്ആർടിസി’ ജനകീയ കൂട്ടായ്മ രൂപീകരിച്ച് സമര രംഗത്താണ്. കെഎസ്ആർടിസി ജീവനക്കാർക്ക് തങ്ങാൻ സൗകര്യമില്ലാത്തതു കാരണം ബസ് പുനരാരംഭിക്കാൻ വൈകരുതെന്ന തീരുമാനത്തിൽ ജനകീയ കൂട്ടായ്മ പ്രവർത്തകർ താമസ സൗകര്യമൊരുക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. ഇന്നലെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കരിമാൻതോട്ടിൽ മുറി കണ്ടെത്തി സൗകര്യമൊരുക്കി. ഇവിടെ ഒന്നിലേറെ ബസുകൾ പാർക്ക് ചെയ്യാൻ സൗകര്യവുമുണ്ട്.
വർഷങ്ങൾക്ക് മുൻപ് കരിമാൻതോട്ടിൽ സാമൂഹികവിരുദ്ധർ കെഎസ്ആർടിസി ബസിന് നാശം വരുത്തിയതിന്റെ പശ്ചാത്തലത്തിൽ ബസിന്റെ സംരക്ഷണത്തിനായി സിസിടിവി സൗകര്യവും ചെയ്തു കൊടുക്കുമെന്ന് ജനകീയ കൂട്ടായ്മ കൺവീനർ ജയകൃഷ്ണൻ തണ്ണിത്തോട് പറഞ്ഞു. സൗകര്യമൊരുക്കിയ വിവരം മന്ത്രി, കെഎസ്ആർടിസി എംഡി, എടിഒ എന്നിവരെ അറിയിച്ചു. താമസ സൗകര്യത്തിനുള്ള മുറിയുടെ വാടക പഞ്ചായത്ത് നൽകണമെന്നും അതിന് കഴിയില്ലെങ്കിൽ അറിയിച്ചാൽ ജനകീയ കൂട്ടായ്മ നൽകുമെന്നും കാണിച്ച് പഞ്ചായത്ത് പ്രസിഡന്റിന് കത്തും നൽകി.
മലയോരത്തേക്കുള്ള കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും പഞ്ചായത്ത് ഭരണസമിതിയും സമരം നടത്തിയിട്ട് ഫലമുണ്ടാതിരുന്നതിനെത്തുടർന്നാണ് ജനകീയ കൂട്ടായ്മ പിറവിയെടുത്തത്. എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്റും ബാലസംഘം ജില്ലാ കോ ഓർഡിനേറ്ററുമായ ജയകൃഷ്ണൻ തണ്ണിത്തോട്, സിപിഎം മുൻ ഏരിയ സെന്റർ അംഗം എൻ.ലാലാജി. സിപിഎം ഭരണസമിതിയിലെ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.കെ.ഗോപി, ബ്രാഞ്ച് സെക്രട്ടറിമാർ, പാർട്ടി അംഗങ്ങൾ എന്നിവർ ജനകീയ കൂട്ടായ്മയിൽ സജീവമായുണ്ട്. സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി.ആർ.ഗോപിനാഥൻ, സിപിഐ പ്രവർത്തകർ, ജനപ്രതിനിധികൾ, മുൻ ജനപ്രതിനിധികൾ, മത മേലധ്യക്ഷന്മാർ, സമുദായ സംഘടനാ നേതാക്കൾ, മറ്റ് വിവിധ പാർട്ടികളിലെ പ്രവർത്തകരും അല്ലാത്തവരും ജനകീയ കൂട്ടായ്മയിലുണ്ട്.