മന്ദമരുതി–പേമരുതി–അത്തിക്കയം റോഡ് നവീകരണം നീളുന്നു; ഇങ്ങനെ പണി തരല്ലേ !

Mail This Article
നീരാട്ടുകാവ് ∙ നാടിനു തന്നെ ശാപമായി മാറുകയാണ് മന്ദമരുതി–പേമരുതി–അത്തിക്കയം റോഡ് വികസനം. കുഴികളും മെറ്റലും നിറഞ്ഞ റോഡിലൂടെ കാൽനട യാത്രയും ദുഷ്കരം. 6 മാസത്തിലധികമായി കാര്യമായി നിർമാണം റോഡിൽ നടക്കുന്നില്ല. പുനലൂർ–മൂവാറ്റുപുഴ, മന്ദമരുതി–വെച്ചൂച്ചിറ, ചെത്തോങ്കര–അത്തിക്കയം, ജണ്ടായിക്കൽ–കുറ്റിയിൽപടി എന്നീ റോഡുകളെയും പഴവങ്ങാടി, നാറാണംമൂഴി എന്നീ പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന പാതയാണിത്. മന്ദമരുതിയിൽ നിന്നാരംഭിച്ച് സ്റ്റോറുംപടി, നീരാട്ടുകാവ്, കക്കുടുമൺ, പേമരുതി, കുറ്റിയിൽപടി വഴി അത്തിക്കയം പാലം ജംക്‌ഷനിൽ സന്ധിക്കുന്ന റോഡാണിത്. ശബരിമല അനുബന്ധ റോഡ് വികസന പദ്ധതിയിൽ അനുവദിച്ച 13 കോടിയോളം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്.
പൂർത്തിയായ പണികൾ
ഏതാനും ഭാഗങ്ങളിൽ വീതി കൂട്ടി സംരക്ഷണഭിത്തി പണിതു. കക്കുടുമൺ വനം സ്റ്റേഷനു സമീപവും നീരാട്ടുകാവ് കത്തോലിക്കാ പള്ളിക്ക് എതിർവശവും ഓട നിർമിച്ചു. പുതിയ കലുങ്കുകൾ നിർമിച്ചു. സ്റ്റോറുംപടിക്ക് അര കിലോമീറ്റർ അകലെ മുതൽ അത്തിക്കയം വരെ ടാറിങ് പൊളിച്ചു നീക്കി മെറ്റലും പാറമക്കുമിട്ട് ഉറപ്പിച്ചു. പിന്നീട് കാര്യമായ പണികൾ നടത്തിയിട്ടില്ല.
ഇപ്പോഴത്തെ സ്ഥിതി
റോഡിന്റെ ഉപരിതലം നിരപ്പാക്കാനിട്ട മെറ്റലും പാറമക്കുമെല്ലാം ഇളകി. അവ ഉപരിതലത്തിൽ ചിതറിക്കിടക്കുകയാണ്. നടന്നു പോയാൽ കാലുകളിൽ മെറ്റൽ തുളച്ചു കയറും. ഇരുചക്ര വാഹനത്തിലായാൽ തെന്നി വീണ് അപകടം ഉറപ്പ്. ചെറിയ വാഹനങ്ങളിൽ ആടിയുലയാതെ യാത്ര നടക്കില്ല. സ്കൂൾ വിദ്യാർഥികൾ അടക്കമുള്ള സമീപവാസികൾ യാത്ര നടത്താൻ കഷ്ടപ്പെടുകയാണ്. പലയിടങ്ങളിലും വെള്ളമൊഴുകി വശം ഇടിഞ്ഞിട്ടുണ്ട്. ഇത്തരം ഭാഗങ്ങളിൽ സംരക്ഷണഭിത്തി പണിതിട്ടില്ല. കലുങ്കുകൾ നിർമിക്കാതെ റോഡിനു കുറുകെ പലയിടത്തും കട്ടിങ്ങുകൾ പണിതിരിക്കുകയാണ്. കലുങ്കുകളിലേക്ക് വെള്ളമൊഴുകിയെത്താൻ ഓട പണിതിട്ടില്ല.
പാലത്തിന്റെ സ്ഥിതി
സ്റ്റോറുംപടി പാലത്തിന്റെ തൂണുകളും അബട്ട്മെന്റുകളും തകർച്ച നേരിടുന്നു. കോൺക്രീറ്റ് അടർന്നു ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്. കാടും പടലും പാലത്തിൽ മൂടിയിരിക്കുന്നു. കഴിഞ്ഞ വർഷം വരൾച്ചക്കാലത്ത് പാലം പൊളിച്ചു പണിയാമായിരുന്നു. എന്നാൽ അതിനു ബന്ധപ്പെട്ടവർ തയാറായില്ല. ഇപ്പോൾ തോട്ടിൽ വെള്ളത്തിന്റെ തോത് കുറഞ്ഞിട്ടും പാലം പൊളിക്കുന്ന പണി പോലും തുടങ്ങിയിട്ടില്ല. എന്നത്തേക്കു പണി പൂർത്തിയാകുമെന്നു പറയാൻ ആർക്കും ഉറപ്പില്ലാത്ത സ്ഥിതി.
നടത്തേണ്ട പണികൾ
പുതിയ കലുങ്കുകൾ, നിലവിലുള്ള കലുങ്കുകളുടെ വീതി കൂട്ടൽ, ഓട, സംരക്ഷണഭിത്തി എന്നിവയുടെ നിർമാണം. നിലവിലെ ടാറിങ് പൂർണമായി പൊളിച്ചു നീക്കി മെറ്റലും പാറമക്കുമിട്ട് നിരപ്പാക്കൽ. 5.50 മീറ്റർ വീതിയിൽ ബിഎം ബിസി ടാറിങ്. ട്രാഫിക് സൈൻ ബോർഡുകൾ, ദിശാസൂചിക എന്നിവ സ്ഥാപിക്കൽ. മധ്യത്തിലും വശങ്ങളിലും വെള്ള വരയിടൽ. സ്റ്റോറുംപടിയിലെ തകർച്ച നേരിടുന്ന പാലം പൊളിച്ചു പണിയൽ.