ADVERTISEMENT

പത്തനംതിട്ട ∙ ജില്ലയിൽ വിവിധ ഇടങ്ങളിലായി ഇന്നലെയുണ്ടായത് 4 അപകടങ്ങൾ. കോന്നിയിൽ രാവിലെ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് തനിയെ മുന്നോട്ട് ഉരുണ്ടുപോയ സംഭവമാണ് ആദ്യത്തേത്. ഇളമണ്ണൂരിൽ പാറയുമായി പോയ ടിപ്പർ ലോറി ഇറക്കത്തിൽ നിയ‌ന്ത്രണം വിട്ട് കോൺക്രീറ്റ് മിക്സിങ് യന്ത്രം ഘടിപ്പിച്ച ലോറിയിലും ടാങ്കർ ലോറിയിലും ഓട്ടോറിക്ഷകളിലും ഇടിച്ചുണ്ടായ അപകടമാണ് രണ്ടാമത്തേത്.  സംഭവത്തിൽ 5 പേർക്ക് പരുക്കേറ്റു. ഇളമണ്ണൂരിൽതന്നെ ഓട്ടത്തിനിടയിൽ ബൈക്കിനു തീപിടിച്ചും അപകടമുണ്ടായി. കടമ്പനാട്-മലനട റോഡിൽ മാണി സി.കാപ്പൻ എംഎൽഎയുടെ കാർ അപകടത്തിൽപ്പെട്ടതും ഇന്നലെയാണ്. 

കെഎസ്ആർടിസി ബസ് തനിയെ ഉരുണ്ടു
ബസ് സ്റ്റാൻഡ‍ിൽ ഓപ്പറേറ്റിങ് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് തനിയെ ഉരുണ്ടു നീങ്ങി സംസ്ഥാന പാത മറികടന്ന് എതിർവശത്തെ നടപ്പാതയുടെ കൈവരിയും തെരുവു വിളക്കും തകർത്താണ് നിന്നത്. തെരുവുവിളക്ക് പതിച്ച് ഹോട്ടലിന്റെ ഫാസ്റ്റ് ഫുഡ് കൗണ്ടറും തകർന്നു. ബസിടിച്ച കൈവരി ദേഹത്തു തട്ടി നടപ്പാതയിൽ നിന്ന ആൾക്ക് പരുക്കേറ്റു. കോന്നി മാമൂട് വരുവാതിൽ രഘുവിനാണ് (58) പരുക്കേറ്റത്. ഇന്നലെ രാവിലെ 7.10നാണ് സംഭവം. 7.20ന് ഊട്ടുപാറയിലേക്കു പോകുന്ന ഓർഡിനറി ബസ് സ്റ്റാർട്ട് ചെയ്തശേഷം ഡ്രൈവർ പുറത്തിറങ്ങി ഓഫിസിലേക്കു പോയപ്പോഴാണ് ബസ് ഉരുണ്ടുനീങ്ങിയത്. ആ സമയം റോഡിൽ യാത്രക്കാരോ മറ്റു വാഹനങ്ങളോ ഇല്ലാതിരുന്നതും വലിയ അപകടം ഒഴിവാക്കി.

സ്റ്റേഷനിൽനിന്ന് ഡ്രൈവറെത്തി ബസ് പിന്നിലേക്കെടുത്ത് സ്റ്റാൻഡിൽ കയറ്റുകയായിരുന്നു.  ബസിൽ കണ്ടക്ടറോ യാത്രക്കാരോ ഉണ്ടായിരുന്നില്ല. സ്റ്റാർട്ട് ചെയ്ത ശേഷം ഹാൻ‍ഡ് ബ്രേക്ക് ഇടാതെ ഡ്രൈവർ പുറത്തിറങ്ങിയതാകാം അപകടകാരണമെന്നും ബസിന് സാങ്കേതിക തകരാറോ ബ്രേക്ക് തകരാറോ ഇല്ലെന്നും മോട്ടർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി. കോന്നി ആർടി ഓഫിസിലെ എംവിഐ വിനോദ് കുമാർ, എഎംവിഐ ആർ. സന്ദീപ് എന്നിവരാണ് പരിശോധന നടത്തിയത്.

ടിപ്പർ ലോറി 5 വാഹനങ്ങളിലിടിച്ച് അപകടം
ഇളമണ്ണൂരിൽ പാറ കയറ്റിയ ടിപ്പർ ലോറി ഇറക്കം ഇറങ്ങി വരവേ നിയ‌ന്ത്രണം വിട്ട് കോൺക്രീറ്റ് മിക്സിങ് യന്ത്രം ഘടിപ്പിച്ച ലോറിയിലും പെട്രോൾ ടാങ്കറിലും ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ടാങ്കർ ലോറി 5 ഓട്ടോറിക്ഷകളിലും ഇടിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് കിൻഫ്ര പാർക്കിന്റെ ഭാഗത്തുനിന്ന് ഇളമണ്ണൂരിലേക്ക് വരുന്ന റോഡിൽ ഏനാദിമംഗലം പഞ്ചായത്ത് ഓഫിസിനു മുൻപിൽ വച്ചായിരുന്നു സംഭവം. അപകടത്തിൽ 5 പേർക്ക് പരുക്കേറ്റു. ഇടിയിൽ ഒരു ഓട്ടോറിക്ഷ സമീപത്തുള്ള തോടിന്റെ വശത്തേക്ക് മറിഞ്ഞു. നിയന്ത്രണം വിട്ട് ലോറി സമീപത്തുള്ള വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. അപകടത്തിൽ പരുക്കേറ്റ ലോറി ഡ്രൈവർ മൈനാഗപ്പള്ളി തൊടുവയൽ അഖിൽദേവിനെ (30) അടൂർ ജനറൽ ആശുപത്രിയിലും ഓട്ടോ ഡ്രൈവർമാരായ ഇളമണ്ണൂർ വിളയിൽ നിലത്തിൽ ഷൈജു ബേബി (37), പൂതങ്കര അമ്പാടി സോമൻപിള്ള (61), യാത്രക്കാരായ കുന്നിട ചെളിക്കുഴി സൂര്യാലയത്തിൽ സുലത (47), സൂര്യൻ (18) എന്നിവരെ ചായലോട് മൗണ്ട്സിയോൻ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

1) കടമ്പനാട് – മലനട റോഡിൽ കല്ലുകുഴി കവലയ്ക്കു സമീപം മാണി സി.കാപ്പൻ എംഎൽഎയുടെ കാറിന്റെ ടയർ ഊരിത്തെറിച്ച് അപകടത്തിൽപെട്ടപ്പോൾ. 2) ഇളമണ്ണൂരിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി  ഇടിച്ചുണ്ടായ അപകടം.
1) കടമ്പനാട് – മലനട റോഡിൽ കല്ലുകുഴി കവലയ്ക്കു സമീപം മാണി സി.കാപ്പൻ എംഎൽഎയുടെ കാറിന്റെ ടയർ ഊരിത്തെറിച്ച് അപകടത്തിൽപെട്ടപ്പോൾ. 2) ഇളമണ്ണൂരിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി ഇടിച്ചുണ്ടായ അപകടം.

ഓടുന്ന ബൈക്കിന് തീപിടിച്ചു 
ഇളമണ്ണൂരിൽ ഓട്ടത്തിനിടയിൽ ബൈക്കിനു തീപിടിച്ചു.ബൈക്ക് ഓടിച്ചിരുന്നയാൾ ഇറങ്ങിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. കുറുമ്പകര മൈനാമൺ മുകളുവിള വീട്ടിൽ ശ്രീക്കുട്ടന്റെ ബൈക്കിനാണ് തീപിടിച്ചത്.  ഇന്നലെ രാവിലെ കുന്നിട ഭാഗത്തുവച്ചാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ പെട്രോളിന്റെ മണം അനുഭവപ്പെട്ടതിനെ തുടർന്ന് ശ്രീക്കുട്ടൻ ബൈക്ക് നിർത്തി നോക്കിയപ്പോഴേക്കും തീ കത്തുന്നതായി കണ്ടു. ബൈക്ക് പൂർണമായും കത്തിനശിച്ചു. തീപിടിത്തത്തിനിടയിൽ പെട്രോൾ ടാങ്ക്, ബാറ്ററി എന്നിവ പൊട്ടിത്തെറിച്ചു. വിവരമറിഞ്ഞ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എം.വേണുവിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ തീ പൂർണമായും അണച്ചു.

മാണി സി.കാപ്പൻ എംഎൽഎയുടെ കാർ അപകടത്തിൽപെട്ടു
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ കടമ്പനാട് കല്ലുകുഴി കവലയ്ക്ക് സമീപം കടമ്പനാട്-മലനട റോഡിൽ മാണി സി.കാപ്പൻ എംഎൽഎയുടെ കാർ അപകടത്തിൽപ്പെട്ടതാണ് രണ്ടാമത്തെ അപകടം. എംഎൽഎയെ കരുനാഗപ്പള്ളി ഭാഗത്ത് ഇറക്കിയ ശേഷം കാർ ചക്കുവള്ളി വഴി മലനട–കടമ്പനാട് റോ‍ഡിലൂടെ  വരുമ്പോഴായിരുന്നു അപകടമുണ്ടായത്. കാറിന്റെ മുൻഭാഗത്ത് വലതുവശത്തെ ടയർ ഊരിപ്പോയതിനെ തുടർന്നാണ് അപകടമുണ്ടായത്.  ടയർ ഊരിപ്പോയതോടെ പത്ത് മീറ്റർ നിരങ്ങി മാറിയ കാർ എതിരെ വന്ന മറ്റൊരു കാറിലിടിച്ചു.  ഈ കാറോടിച്ചിരുന്നയാളെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

English Summary:

Pathanamthitta witnessed four accidents yesterday. These incidents involved a KSRTC bus, a tipper lorry, a motorbike, and the car of MLA Mani C. Kappan, resulting in injuries and property damage.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com