ശബരിമല റോപ്‌വേ: വനഭൂമിയിൽ സംയുക്ത പരിശോധന നടത്തി

Mail This Article
ശബരിമല ∙ പമ്പയിൽ നിന്നു സന്നിധാനത്തേക്കു റോപ്‌വേ നിർമിക്കുന്നതിനാവശ്യമായ 4.5336 ഹെക്ടർ വനഭൂമി ലഭിക്കുന്നതിനുള്ള വനം, ദേവസ്വം, റോപ്‌വേ നിർമാണ കമ്പനി പ്രതിനിധികൾ എന്നിവരുടെ സംയുക്ത പരിശോധന നടന്നു. റാന്നി ഡിഎഫ്ഒ ജയകുമാർ ശർമ, എസിഎഫ് ജിയാസ് ജമാലുദീൻ, ഗൂഡ്രിക്കൽ റേഞ്ച് ഓഫിസർ എ.എസ്.അശോക്, പെരിയാർ കടുവ സങ്കേതം ഡപ്യൂട്ടി ഡയറക്ടർ സന്ദീപ് നായർ, ദേവസ്വം എക്സിക്യൂട്ടീവ് എൻജിനീയർ ശ്യാമപ്രസാദ്, അസി.എൻജിനീയർ ഗോപകുമാർ റോപ്‌വേ നിർമാണ കമ്പിനിയായ18 സ്റ്റെപ് ദാമോദർ റോപ്‌വേ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് പ്രതിനിധികൾ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് വന്യജീവി ബോർഡിനു നൽകുന്ന റിപ്പോർട്ട് നിർണായകമാണ്.
പമ്പ ഹിൽടോപിൽ നിന്നു സന്നിധാനം പൊലീസ് ബാരക് വരെ 2.7 കിലോമീറ്ററാണ് റോപ്‌വേയുടെ നീളം. 40 മുതൽ 60 മീറ്റർ വരെ ഉയരമുള്ള 5 പില്ലറാണുള്ളത്. ഇതിനായി 80 മരം മുറിക്കേണ്ടി വരും. റോപ്‌വേയുടെ തുടക്കം പമ്പ ഹിൽടോപ് പാർക്കിങ് ഗ്രൗണ്ടിൽ നദിയുടെ തീരത്താണ്. ഇവിടം റാന്നി വനമേഖലയുടെ പരിധിയിലാണ്. പമ്പാനദിയുടെ മറുകര മുതൽ സന്നിധാനം വരെ പെരിയാർ കടുവ സങ്കേതത്തിലാണ്. അതിനാൽ രണ്ട് മേഖലയിലെയും വനം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേകമായാണു പരിശോധന നടന്നത്.
റാന്നി വനം ഡിവിഷന്റെ പരിധിയിൽ വരുന്ന പമ്പ ഹിൽടോപ് പാർക്കിങ് ഗ്രൗണ്ടിലാണ് റോപ്‌വേയുടെ അടിസ്ഥാന സ്റ്റേഷൻ. സർവേ നടത്തി ഇതിന്റെ സ്ഥാന നിർണയം നടത്തി ഇരുമ്പുപൈപ്പ് ഉപയോഗിച്ച് നേരത്തെ കുറ്റിയടിച്ചിരുന്നു. പെരിയാർ കടുവ സങ്കേതത്തിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ പിന്നീടാണ് സംയുക്ത പരിശോധന നടന്നത്. ഹൈക്കോടതി നിർദേശ പ്രകാരം നേരത്തെ സർവേ നടത്തി ഇവിടെ അതിരുകല്ലു സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ കടുവസങ്കേതത്തിന്റെ പരിധിയിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നു, ആവശ്യപ്പെട്ട മുഴുവൻ രേഖകളും ദേവസ്വം ബോർഡും റോപ്‌വേ നിർമാണ കമ്പനിയും സമർപ്പിച്ചിട്ടുണ്ട്. വനഭൂമി വിട്ടുകിട്ടുന്നതിനു പകരമായി കുളത്തൂപ്പുഴ കട്ടിളപ്പാറയിലാണു റവന്യു ഭൂമി നൽകുന്നത്. ഇതിന്റെ രേഖകളും നൽകിയിട്ടുണ്ട്. റോപ്‌വേ പൂർത്തിയായാൽ സാധനങ്ങൾ 10 മിനിറ്റിൽ പമ്പയിൽ നിന്നു സന്നിധാനത്ത് എത്തിക്കാൻ കഴിയും. കൂടാതെ അടിയന്തര ഘട്ടത്തിൽ രോഗികളെ കൊണ്ടുവരുന്നതിനുള്ള ആംബുലൻസായി ഉപയോഗിക്കാവുന്ന വിധത്തിൽ 250 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുക.