ഭരണഘടനയാണ് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിത്തറ: മന്ത്രി ചിഞ്ചുറാണി

Mail This Article
പത്തനംതിട്ട∙ കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടിൽ നടത്തിയ റിപ്പബ്ലിക് ദിനാഘോഷത്തിൽ മന്ത്രി ജെ.ചിഞ്ചുറാണി മുഖ്യാതിഥിയായി പങ്കെടുത്തു. ഏഴരപ്പതിറ്റാണ്ടു പിന്നിട്ട ഇന്ത്യൻ റിപ്പബ്ലിക് ഇന്നും തലയെടുപ്പോടെ ഉയർന്ന് നിൽക്കുന്നതിന് അടിത്തറയായത് ലോകോത്തരമായ നമ്മുടെ ഭരണഘടനയാണെന്നു മന്ത്രി പറഞ്ഞു. വെവിധ്യമാർന്ന മതങ്ങളുടെയും വിശ്വാസങ്ങളുടെയും ആചാരക്രമങ്ങളുടെയും സാംസ്‌കാരിക വൈജാത്യങ്ങളുടെയും കളിത്തൊട്ടിലാണ് ഇന്ത്യ. കേരളവും ആ ഫെഡറൽ സംവിധാനത്തിൽ ഉൾപ്പെട്ട സംസ്ഥാനമാണെന്നും ഒത്തൊരുമയുടെ കരുത്താണ് കേരളത്തെ മുന്നോട്ട് നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ദേശീയ പതാക ഉയർത്തി പരേഡ് പരിശോധിച്ച ശേഷം സന്ദേശം നൽകുകയായിരുന്നു മന്ത്രി.
പെരുനാട് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജി.വിഷ്ണുവായിരുന്നു പരേഡ് കമാൻഡർ. പൊലീസ്, ഫയർഫോഴ്സ്, എൻസിസി, എസ്പിസി, സ്‌കൗട്സ്, ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ്, ബാൻഡ് വിഭാഗങ്ങൾ മന്ത്രിക്കു അഭിവാദ്യം അർപ്പിച്ചു. കുട്ടികളുടെ ഡിസ്പ്ലേ, ദേശഭക്തി ഗാനാലാപനം എന്നിവ നടന്നു. വിവിധ ഇനങ്ങളിൽ വിജയികളായവർക്കു മന്ത്രി സമ്മാനം വിതരണം ചെയ്തു. ജില്ലാ കലക്ടർ എസ്.പ്രേംകൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ്കുമാർ, നഗരസഭ ചെയർമാൻ ടി.സക്കീർ ഹുസൈൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ, എഡിഎം ബി.ജ്യോതി, കാതോലിക്കേറ്റ് കോളജ് പ്രിൻസിപ്പൽ സിന്ധു ജോൺസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.