പാറക്കൂട്ടങ്ങളിലും നദീതീരങ്ങളിലും മണൽ പുറ്റുകൾ; ചൂടിൽ വറ്റി പമ്പാനദി

Mail This Article
റാന്നി∙ കടുത്ത ചൂടിൽ പമ്പാനദിയ്ക്കും ദാഹം. ചൂട് കൂടുന്തോറും ആറ്റിൽ ജലനിരപ്പു താഴുകയാണ്. വൈദ്യുതി പദ്ധതികളിൽ ഉൽപാദനത്തിനു ശേഷം പുറത്തേക്കു വിടുന്ന വെള്ളമാണ് ഉച്ചവരെ ആറ്റിൽ നീരൊഴുക്ക് ശക്തിപ്പെടുത്തുന്നത്. ഉച്ച കഴിയുന്നതോടെ നദി വരളുകയാണ്.ശബരിമല തീർഥാടനം ആരംഭിച്ച ശേഷം കാര്യമായ മഴ പെയ്യാതിരുന്നതാണ് പമ്പാനദി വരളാൻ കാരണം. പെരുന്തേനരുവി ജല വൈദ്യുതി പദ്ധതിയുടെ ഇടത്തിക്കാവ് തടയണ വരെ ചെറിയ തോതിൽ നീരൊഴുക്കുണ്ട്. പിന്നീട് അതുമില്ല. പാറയിടുക്കുകളിൽ കെട്ടിക്കിടക്കുന്ന വെള്ളമാണ് നീരൊഴുക്ക് പേരിനെങ്കിലും നിലനിർത്തുന്നത്.
പാറക്കൂട്ടങ്ങളിലും നദീതീരങ്ങളിലും മണൽ പുറ്റുകൾ വളരുകയാണ്. ഇത്തരത്തിൽ പുറ്റുകൾ വളർന്ന് നദി കരയായി മാറുന്ന കാഴ്ചയാണെങ്ങും.പൂവത്തുംമൂടിനു താഴേക്കാണ് പിന്നീട് നീരൊഴുക്കുള്ളത്. ശബരിഗിരി, മൂഴിയാർ, കക്കാട്, അള്ളുങ്കൽ, കാരികയം, മണിയാർ, പെരുനാട് എന്നീ ജലവൈദ്യുതി പദ്ധതികളിൽ ഉൽപാദനത്തിനു ശേഷം പുറത്തേക്കു വിടുന്ന വെള്ളമാണ് കക്കാട്ടാറ്റിലൂടെ ഇവിടങ്ങളിലേക്ക് ഒഴുകിയെത്തുന്നത്. സന്ധ്യക്കു ശേഷം പീക്ക് ലോഡ് സമയത്താണ് വൈദ്യുതോൽപാദനം നടക്കുന്നത്. ഈ സമയം ആറ്റിലും നീരൊഴുക്ക് വർധിക്കും. പിന്നീട് കുറഞ്ഞു വരും. ഉച്ചയോടെ നദി ശോഷിക്കും.