കിഫ്ബി ടോൾ: പത്തനംതിട്ട ജില്ലയിൽ ബാധിക്കുക 2 പദ്ധതികളെ
Mail This Article
പത്തനംതിട്ട ∙ കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമിച്ച റോഡുകൾക്കും പാലങ്ങൾക്കും ടോൾ പിരിക്കാനുള്ള ശുപാർശ നടപ്പാക്കിയാൽ ജില്ലയിൽ ബാധിക്കുന്നത് 2 പദ്ധതികളെ. കൈപ്പട്ടൂർ – ഏഴംകുളം റോഡ്, അബാൻ മേൽപാലം.50 കോടിയിലേറെ രൂപ ചെലവിൽ നിർമിക്കുന്ന റോഡുകൾക്കും പാലങ്ങൾക്കുമാണു ടോൾ ഏർപ്പെടുത്താൻ ശുപാർശയുള്ളത്. കൈപ്പട്ടൂർ–ഏഴംകുളം റോഡിന് 60 കോടി രൂപ ചെലവായി. ചന്ദനപ്പള്ളി, കൊടുമൺ വഴി ഏഴംകുളം എത്തുന്ന റോഡ് 12 മീറ്റർ വീതിയിലാണ് നിർമിച്ചത്. ആദ്യം 43 കോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചതെങ്കിലും നിർമാണം നീണ്ടുപോയി. ജിഎസ്ടി ഉൾപ്പെടെ 60 കോടിയിൽ എത്തി.
ടോൾ പിരിവ് സംബന്ധിച്ചു സർക്കാർ വിജ്ഞാപനം ഇറങ്ങാത്തതിനാൽ കിഫ്ബി ഉദ്യോഗസ്ഥർ മറ്റു നടപടികളിലേക്ക് കടന്നിട്ടില്ല. പത്തനംതിട്ട നഗരത്തിലെ അബാൻ മേൽപാലം നിർമാണം ഇനിയും പൂർത്തിയായിട്ടില്ല. 611 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള പാലത്തിന്റെ 55 ശതമാനം പണികളാണ് ഇതുവരെ തീർന്നത്. 40 കോടി രൂപ ചെലവ് പ്രതീക്ഷിച്ചാണ് തുടങ്ങിയത്. നിർമാണം നീണ്ടു പോയതിനാൽ എസ്റ്റിമേറ്റ് 46 കോടിയിൽ എത്തി. ജിഎസ്ടി ഉൾപ്പെടെ ചെലവ് 50 കോടി കടക്കും. പാലത്തിന്റെ ഇരുവശത്തും സർവീസ് റോഡുണ്ട്. ഇതിനുള്ള ഭൂമി ഏറ്റെടുക്കൽ വൈകുന്നതിനാൽ അബാൻ മേൽപാലം നിർമാണം ഇഴയുകയാണ്.