ശബരിമലയിൽ സ്ഥിരം കാലാവസ്ഥാ നിരീക്ഷണ സംവിധാനമൊരുക്കാൻ ശുപാർശ
Mail This Article
ശബരിമല ∙ ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ സ്ഥിരം കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളൊരുക്കണമെന്നു ചൂണ്ടിക്കാട്ടി ശബരിമലയുടെ ചുമതലയുണ്ടായിരുന്ന പ്രത്യേക എഡിഎം ജില്ലാ ഭരണകൂടത്തിനു ശുപാർശ നൽകി. ചരിത്രത്തിലാദ്യമായി ശബരിമലയിൽ മണ്ഡലകാലത്ത് തത്സമയ കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകിയത് കഴിഞ്ഞ സീസണിലാണ്. താൽക്കാലിക കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളും ഇതിന്റെ ഭാഗമായി ഒരുക്കിയിരുന്നു. വിശദമായ പരിശോധനയ്ക്കു ശേഷം ജില്ലാ ഭരണകൂടം ഇക്കാര്യമുന്നയിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാന ഓഫിസിനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കും കത്തയയ്ക്കും.
അടുത്ത മണ്ഡലകാലത്തിനു മുൻപ് സ്ഥിരം സംവിധാനങ്ങളൊരുക്കണമെന്നാണു ശുപാർശ. ഇതിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രകാലാവസ്ഥാ വകുപ്പ് ആസ്ഥാനത്തു നിന്നാണ്. സ്ഥിരം സംവിധാനമൊരുക്കാൻ ഭൂമി ലഭ്യമാക്കേണ്ടത് ദേവസ്വം ബോർഡാണ്. ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിക്കാൻ 10 ചതുരശ്ര മീറ്റർ സ്ഥലം വേണം. ശബരിമല സന്നിധാനത്ത് സീസൺ അല്ലാത്തപ്പോൾ മാസപൂജ സമയങ്ങളിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ ചെയ്യാനും സാധിക്കും. ശബരിമലയ്ക്ക് അടുത്തുള്ള ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകൾ ളാഹയിലും സീതത്തോടുമാണ്. പമ്പയിലെ ജലനിരപ്പ് ഉയരുന്നതുൾപ്പെടെ കൃത്യമായ മുന്നറിയിപ്പുകൾ നൽകാനും വിവര ശേഖരണത്തിനും സ്ഥിരം സംവിധാനം വന്നാൽ സഹായകമാകും.