നദിയിലെ ജലനിരപ്പ് താഴുന്നു; ജലവിതരണ പദ്ധതിക്ക് ദോഷം

Mail This Article
റാന്നി ∙ പമ്പാനദിയിൽ ജലനിരപ്പ് കൂടുതൽ താണാൽ മേജർ ജല വിതരണ പദ്ധതിയെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതി. റാന്നി, വടശേരിക്കര, പഴവങ്ങാടി എന്നീ വില്ലേജുകളിലെ ജല വിതരണത്തെ ഇതു സാരമായി ബാധിക്കും.പമ്പാനദിയിലെ മുണ്ടപ്പുഴ ചന്തക്കടവിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് ആനപ്പാറമല പ്ലാന്റിൽ ശുദ്ധീകരിച്ച് ആനപ്പാറമല, മന്ദിരം പള്ളിപടി, പുതുശേരിമല, കൊമ്പനോലി, തെക്കുംമല, ഇട്ടിയപ്പാറ, ആനത്തടം, മോതിരവയൽ, കരികുളം, പൂഴിക്കുന്ന്, ചക്കിട്ടാംപൊയ്ക എന്നീ സംഭരണികളിലൂടെ വിതരണം നടത്തുന്ന പദ്ധതിയാണിത്.
ചന്തക്കടവിൽ നിർമിച്ചിട്ടുള്ള ഗ്യാലറിയിൽ നിന്നാണ് കിണറ്റിൽ വെള്ളമെത്തിയിരുന്നത്. ആറിന്റെ അടിത്തട്ട് താണതോടെ ഗ്യാലറി പ്രയോജനപ്പെടാതായി. ആറ്റിൽ നിന്ന് നേരിട്ട് പൈപ്പിലൂടെയാണ് കിണറ്റിൽ ഇപ്പോൾ വെള്ളമെത്തിക്കുന്നത്. കിണറ്റിൽ നിന്ന് 3 മീറ്ററോളം അകലെ വരെയാണു പൈപ്പുകളുള്ളത്. രണ്ടടിയോളം താഴ്ചയിലാണു പൈപ്പിന്റെ സ്ഥാനം. ആറ്റിൽ ജലനിരപ്പ് കൂടുതൽ താണാൽ പൈപ്പുകൾ ജലോപരിതലത്തിൽ തെളിയും. പിന്നീട് കിണറ്റിലേക്ക് വെള്ളം ഒഴുകിയെത്തില്ല. ഇതാണ് ജല വിതരണത്തെ ബാധിക്കുക.
ഇപ്പോൾ പൈപ്പ് സ്ഥാപിച്ചിരിക്കുന്നതിന് ഒരു മീറ്ററോളം അകലെ ആറ്റിൽ കയമാണ്. പൈപ്പുകൾ ഇവിടേക്കു നീട്ടിയിട്ടാൽ കിണറ്റിൽ ആവശ്യത്തിനു വെള്ളമെത്തും. ജൽ ജീവൻ മിഷൻ ഫണ്ട് ചെലവഴിച്ച് ജല വിതരണ പദ്ധതി വിപുലീകരിക്കും. ഇതിനു മുന്നോടിയായി പൈപ്പുകൾ കുഴിച്ചിട്ടിരുന്നു. ഇതിൽ നിന്ന് കൂടുതൽ പേർക്കു ഗാർഹിക കണക്‌ഷനുകളും നൽകിയിട്ടുണ്ട്. ഇതോടെ ജലത്തിന്റെ ഉപയോഗം വർധിച്ചു. മിക്കയിടങ്ങളിലും വെള്ളം കിട്ടാത്ത സാഹചര്യവുമുണ്ട്. പൈപ്പുകളിട്ടിട്ടും കണക്‌ഷൻ ലഭിക്കാത്തവരുമുണ്ട്. ഇതിനൊന്നും പരിഹാരം കാണാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ലെന്നാണ് ആക്ഷേപം.