വിശ്വാസതീരമൊരുങ്ങി; മാരാമൺ കൺവൻഷൻ നാളെ മുതൽ, വിവരങ്ങളുമായി ‘മാരാ മേറ്റ്’ ചാറ്റ്ബോട്ട്

Mail This Article
മാരാമൺ ∙ മാരാമൺ കൺവൻഷന്റെ 130-ാമത് യോഗം നാളെ മുതൽ 16 വരെ മാരാമൺ മണൽപുറത്തെ പന്തലിൽ നടക്കും. നാളെ 2.30 ന് ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക്ക് മാർ പീലക്സിനോസ് അധ്യക്ഷത വഹിക്കും.
മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരെ കൂടാതെ അഖില ലോക സഭാ കൗൺസിൽ ജനറൽ സെക്രട്ടറി റവ.ഡോ.ജെറി പിള്ളൈ (സ്വിറ്റ്‌സർലാൻഡ്), കൊളംബിയ തിയോളജിക്കൽ സെമിനാരി പ്രസിഡന്റ് റവ.ഡോ.വിക്ടർ അലോയോ, ഡോ.രാജ്കുമാർ രാംചന്ദ്രൻ (ഡൽഹി) എന്നിവർ മുഖ്യ പ്രസംഗകരാണ്.
തിങ്കൾ മുതൽ ശനി വരെ രാവിലെ 7.30 മുതൽ 8.30 വരെ ബൈബിൾ ക്ലാസുകൾ കൺവൻഷൻ പന്തലിലും കുട്ടികൾക്കുള്ള യോഗം സിഎസ്എസ്എമ്മിന്റെ നേതൃത്വത്തിൽ കുട്ടിപ്പന്തലിലും നടക്കും. ദിവസവും പൊതുയോഗം 9.30ന്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 2.30ന് കുടുംബവേദി യോഗങ്ങൾ. 12ന് 9.30ന് എക്യുമെനിക്കൽ സമ്മേളനം.
ദിവസവും സായാഹ്ന യോഗങ്ങൾ വൈകിട്ട് 6ന് ആരംഭിച്ച് 7.30 ന് സമാപിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 4ന് യുവവേദി യോഗങ്ങൾ. ബുധൻ മുതൽ ശനി വരെ വൈകിട്ട് 7.30 മുതൽ 9 വരെ ഹിന്ദി ആൻഡ് മറാഠി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷാ അടിസ്ഥാനത്തിലുള്ള പ്രത്യേക മിഷൻ ഫീൽഡ് കൂട്ടായ്മകൾ നടക്കും.
16ന് 7.30 ന് മാരാമൺ, ചിറയിറമ്പ്, കോഴഞ്ചേരി പള്ളികളിൽ കുർബാനയ്ക്ക് ബിഷപ്പുമാർ നേതൃത്വം നൽകും 2.30 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ഐസക് മാർ പീലക്സിനോസ് അധ്യക്ഷത വഹിക്കും. ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത സമാപന സന്ദേശം നൽകും.
മാരാമൺ വിവരങ്ങളുമായി ‘മാരാ മേറ്റ്’ ചാറ്റ്ബോട്ട്
തിരുവല്ല ∙ മാരാമൺ കൺവൻഷനിലെത്തുന്നവർക്ക് സഹായകരമാകുന്ന വിവരങ്ങൾ ഉൾക്കൊള്ളുന്ന ‘മാരാ മേറ്റ്’ ചാറ്റ്‌ബോട്ട് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ പ്രൊവിഡൻസ് എൻജിനീയറിങ് കോളജിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗം വിദ്യാർഥികളായ അശ്വതി ഉദയൻ, ബിന്റാ ആൻ ബെന്നി, ഷെസ്ന എന്നിവർ ചേർന്നാണ് ചാറ്റ്‌ബോട്ട് രൂപകൽപന ചെയ്തത്.
അധ്യാപകരായ ഡോ. പ്രേംശങ്കർ, ഡോ.പി.എസ്.അനൂപ് പിന്തുണയും ലഭിച്ചു. മലയാളം, ഇംഗ്ലിഷ് ഭാഷകളിൽ ‘മാരാ മേറ്റ്’ ലഭ്യമാണ്. കൺവൻഷനുമായി ബന്ധപ്പെട്ട പരിപാടികൾ, പ്രസംഗകർ, സമയക്രമം, യാത്രാ സൗകര്യങ്ങൾ, അടിയന്തര സഹായ നമ്പറുകൾ തുടങ്ങിയ വിവരങ്ങൾ ഇതിൽനിന്നു ലഭിക്കും. പ്രൊവിഡൻസ് എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ.സന്തോഷ് സൈമൺ, അധ്യാപകരായ ഡോ. പ്രേംശങ്കർ, ഡോ. പി.എസ്.അനൂപ്, വിഷ്ണു, പ്രഫ. ജെറിൻ വർഗീസ് എന്നിവർ പങ്കെടുത്തു.