ദാഹജലം തരുമോ?; അങ്ങാടി പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷം

Mail This Article
പേട്ട ∙ ചൂട് വർധിച്ചതോടെ അങ്ങാടി പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷം. ജല വിതരണ പദ്ധതിയും ജനങ്ങൾക്കു പ്രയോജനപ്പെടുന്നില്ല. ദാഹം അകറ്റാൻ വെള്ളം വില കൊടുത്തു വാങ്ങേണ്ട സ്ഥിതി. തൃക്കോമല, മണ്ണാരത്തറ, തൂളിമൺ, ഏഴോലി, വലിയകാവ്, കടവുപുഴ തുടങ്ങിയ പ്രദേശങ്ങളാണ് ജലക്ഷാമത്തിന്റ പിടിയിലമർന്നത്. കിണറുകൾ അധികവും വറ്റി. അങ്ങാടി ജല വിതരണ പദ്ധതിയെ ആശ്രയിച്ചാണ് ജനം ആവശ്യങ്ങൾ നിറവേറ്റിയിരുന്നത്. അതും ഇപ്പോൾപ്രയോജനപ്പെടുന്നില്ല. പമ്പാനദിയിൽ ജലനിരപ്പ് കുറഞ്ഞതോടെ പമ്പിങ് കാര്യക്ഷമമായി നടത്താൻ കഴിയുന്നില്ല.
പുളിമുക്ക് കടവിൽ നിർമിച്ചിട്ടുള്ള കിണറ്റിൽ നിന്നാണ് പദ്ധതിക്കായി വെള്ളം പമ്പ് ചെയ്യുന്നത്. ആറിന്റെ അടിത്തട്ട് താണതോടെ കിണറ്റിൽ സ്വാഭാവികമായി വെള്ളം ഒഴുകിയെത്തുന്നില്ല. ആറ്റിൽ നിന്ന് പൈപ്പിട്ടാണ് കിണറ്റിൽ വെള്ളമെത്തിച്ചിരുന്നത്. കിണറിന്റെ ഒരു ഭാഗത്തെ കോൺക്രീറ്റ് പൊട്ടിച്ചു നീക്കിയ ശേഷം ആറ്റിൽ നിന്ന് നേരിട്ടാണ് ഇപ്പോൾ കിണറ്റിൽ വെള്ളമെത്തിക്കുന്നത്. ആറ്റിൽ നീരൊഴുക്ക് കുറഞ്ഞതിനാൽ മണൽ ചാക്കുകൾ അടുക്കി താൽക്കാലിക തടയണ നിർമിച്ചാണ് നീരൊഴുക്ക് കിണറ്റിലേക്കു തിരിച്ചു വിട്ടിരിക്കുന്നത്.
പിഐപി കനാലിലൂടെ വെള്ളം തുറന്നു വിട്ടതിനു ശേഷം ആറ്റിൽ നീരൊഴുക്ക് തീർത്തും കുറവാണ്. ഇതിനു പരിഹാരം കാണാൻ മണൽ ചാക്കുകൾ അടുക്കി തടയണ ബലപ്പെടുത്തുന്ന ജോലി തുടങ്ങിയിട്ടുണ്ട്. പതിറ്റാണ്ടുകൾക്കു മുൻപു സ്ഥാപിച്ച ജല വിതരണ പദ്ധതിയാണിത്. ഇതു നവീകരിക്കാതെ ജൽ ജീവൻ മിഷൻ പദ്ധതിയിൽ അടുത്തിടെ കൂടുതൽ ഗാർഹിക കണക്‌ഷൻ കൊടുത്തു. ഇതുമൂലം നിലവിലുണ്ടായിരുന്ന ഉപഭോക്താക്കൾക്കും പുതിയവർക്കും വെള്ളം കിട്ടാത്ത സ്ഥിതിയായിട്ടുണ്ട്. പുതുതായി കിട്ടിയ കണക്‌ഷനുകളിൽ ഇതുവരെ വെള്ളം കിട്ടാത്തവരുമുണ്ട്.
ചൂട് കൂടുന്തോറും ജല വിതരണം പ്രതിസന്ധിയിലാകുന്ന സ്ഥിതിയാണ്. അങ്ങാടി പദ്ധതിയെ കൊറ്റനാട് പഞ്ചായത്തുമായി ബന്ധിപ്പിച്ച് ജലപദ്ധതി വിപുലീകരിക്കുന്നതിന് രൂപരേഖ തയാറാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുതിയ ജല വിതരണ കുഴലുകൾ സ്ഥാപിച്ചിരുന്നു. കൊറ്റനാട് പഞ്ചായത്തിൽ ജല ശുദ്ധീകരണ പ്ലാന്റിന്റെ നിർമാണം നടക്കുന്നുണ്ട്. അങ്ങാടി പള്ളിക്കടവിൽ പുതിയ കിണറും പമ്പ് ഹൗസും നിർമിക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. കരാറും ക്വട്ടേഷനുമൊക്കെ ക്ഷണിച്ചിട്ടും ഇതിന്റെ പണി ഏറ്റെടുക്കാൻ ആരും മുന്നോട്ടു വന്നിട്ടില്ല. ഇതും പദ്ധതിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.