സഭകളുടെ ഐക്യം കാലത്തിന്റെ അനിവാര്യത: റവ. ഡോ. ജെറി പിള്ളൈ

Mail This Article
മാരാമൺ ∙ ക്രിസ്തു ശരീരമായ സഭയുടെ ഐക്യം കാലത്തിന്റെ അനിവാര്യതയാണെന്നും അതിനായി സഭകൾ ഒന്നിച്ച് നിൽക്കണമെന്നും അഖിലലോക സഭാ കൗൺസിൽ ജനറൽ സെക്രട്ടറി റവ. ഡോ. ജെറി പിള്ളൈ. വിശ്വാസത്തിന്റെ പേരിലും സമ്പത്തിന്റെ പേരിലും സഭകൾ ഇന്ന് പരസ്പരം പോരടിക്കുമ്പോൾ അനുരജ്ഞനത്തിനായും സമാധാനത്തിനായും സഭ വിളിക്കപ്പെട്ടിരിക്കുന്നു എന്ന സത്യം മറക്കരുതെന്നും മാരാമൺ എക്യുമെനിക്കൽ സമ്മേളനത്തിൽ മുഖ്യസന്ദേശം നൽകുന്നതിനിടെ അദ്ദേഹം പറഞ്ഞു. പ്രാർഥനയാണ് സഭയുടെ ഐക്യത്തിന്റെ കണ്ണികളെ ബലപ്പെടുത്തുന്നത്. നിഖ്യാ സുന്നഹദോസിന്റെ 1700ാം വാർഷികം ആഘോഷിക്കുന്ന ഈ നാളുകളിൽ സഭകൾ ഒന്നിച്ച് നിന്ന് ഒരു ശരീരമായി പ്രവർത്തിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യേശുക്രിസ്തുവിന്റെ വിളിയും നിയോഗവും സ്വീകരിച്ച് ലോകത്തിൽ ദൈവിക നീതിക്കു വേണ്ടി പ്രവർത്തിക്കാൻ സഭയ്ക്ക് ഉത്തരവാദിത്തമുണ്ട്. മനുഷ്യർ തമ്മിലുള്ള ഐക്യം ദൈവത്തിന്റെ താൽപര്യമാണ്. ഭിന്നതകൾക്കു കാരണം വ്യത്യസ്തതകൾക്ക് അമിത ശാക്തീകരണം നൽകുന്നതാണ്. അതിന് അതീതമായി ക്രിസ്തുവിൽ ഐക്യം കണ്ടെത്താൻ കഴിയുമ്പോൾ ഭിന്നതകൾക്കു പരിഹാരമുണ്ടാകും. ഭിന്നിച്ചു നിൽക്കുന്ന സഭയ്ക്ക് ഒരിക്കലും അർഥപൂർണമായ സാക്ഷ്യം ലോകത്തിനു നൽകാൻ കഴിയില്ല. ബന്ധങ്ങളിൽ ആദരവും സ്നേഹവും ക്ഷമാ സന്നദ്ധതയും നിറയ്ക്കണം. ഐക്യത്തിന്റെ പാതയിൽ മുന്നേറുമ്പോൾ സഭ ലോകത്തിന്റെ പ്രശ്നങ്ങളിൽ സൗഖ്യ ലേപനമാകും. ലോകത്തിന്റെ വേദനയിൽ ഇടപെടുകയും മാറ്റത്തിനായി പ്രവർത്തിക്കുകയും ചെയ്യുമ്പോൾ വിശ്വാസം അർഥപൂർണമാകും. വ്യത്യസ്തതകളിൽ മാത്രം അഭിരമിക്കാതെ ക്രിസ്തു സ്നേഹത്തിലൂടെ ഐക്യത്തിലേക്കു സഞ്ചരിക്കാൻ സഭയ്ക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ഏബ്രഹാം മാർ പൗലോസ് അധ്യക്ഷത വഹിച്ചു. രാജ്യാന്തര, ദേശീയ തലങ്ങളിൽ മലങ്കര മാർത്തോമ്മാ സുറിയാനി സഭ എക്യുമെനിക്കൽ വേദികളിൽ നൽകിയിട്ടുള്ള സംഭാവനകളെ അദ്ദേഹം ഊന്നിപ്പറഞ്ഞു. ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പൊലീത്ത സമാപന പ്രാർഥന നിർവഹിച്ചു. മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി റവ.എബി കെ.ജോഷ്വ പ്രസ്താവന നടത്തി. കേരളത്തിലെ സഭാ സമൂഹങ്ങളുടെ പ്രതിനിധികളായി വിവിധ ബിഷപ്പുമാർ പങ്കെടുത്തു. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത, മലങ്കര കത്തോലിക്കാ സഭയിലെ ബിഷപ്പുമാരായ ഡോ.ജോഷ്വ മാർ ഇഗ്നാത്തിയോസ്, ഡോ.സാമുവൽ മാർ ഐറേനിയസ്, സിഎസ്ഐ സഭ ബിഷപ്പുമാരായ തോമസ് സാമുവൽ, തോമസ് കെ. ഉമ്മൻ, കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം, മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരായ ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത, തോമസ് മാർ തിമോത്തിയോസ്, ഡോ.മാത്യൂസ് മാർ മക്കാറിയോസ്, ഡോ.ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ഡോ.തോമസ് മാർ തീത്തോസ്, സഖറിയാസ് മാർ അപ്രേം, മാത്യൂസ് മാർ സെറാഫിം , രാജ്യസഭ മുൻ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ, ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യ ജനറൽ സെക്രട്ടറി ഡോ. മാത്യൂസ് ജോർജ് ചുനക്കര, ഡബ്ല്യുസിസി എക്യുമെനിക്കൽ അഡ്വക്കസി ആലൈൻസ് കോഓർഡിനേറ്റർ ഡോ. മനോജ് കുര്യൻ, കെസിസി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി. തോമസ്, സീറോ മലബാർ സഭ എക്യുമെനിക്കൽ കമ്മിഷൻ സെക്രട്ടറി ഫാ. സിറിൽ തോമസ്, വേൾഡ് കൗൺസിൽ ഓഫ് മലയാളി ക്രിസ്ത്യൻസ് ഗൾഫ് റീജൻ പ്രസിഡന്റ് റോയി കെ.യോഹന്നാൻ എന്നിവർ പങ്കെടുത്തു.
മാരാമൺ കൺവൻഷനിൽ ഇന്ന്
7.30 -കുട്ടികളുടെ യോഗം (കുട്ടിപ്പന്തൽ)
7.30–ബൈബിൾ ക്ലാസ്: അധ്യക്ഷൻ ഡോ.ഗ്രിഗോറിയോസ് മാർ സ്‌തേഫാനോസ് , ക്ലാസ് റവ.എ.ടി.സഖറിയ
9.30– പൊതുയോഗം: അധ്യക്ഷൻ സഖറിയാസ് മാർ അപ്രേം, മുഖ്യ സന്ദേശം റവ.ഡോ.വിക്ടർ അലോയോ.
2.30 –സന്നദ്ധ സുവിശേഷ സംഘം യോഗം: അധ്യക്ഷൻ മാത്യൂസ് മാർ സെറാഫിം,മുഖ്യ സന്ദേശം ഡോ.ഗ്രിഗോറിയോസ് മാർ സ്‌തേഫാനോസ്
4.00 – യുവവേദി.
6.00–സായാഹ്ന യോഗം: അധ്യക്ഷൻ ഡോ.ജോസഫ് മാർ ഇവാനിയോസ് , മുഖ്യ സന്ദേശം : ഡോ.രാജ്കുമാർ രാമചന്ദ്രൻ
7,30–തെലുങ്ക് മേഖലയിലെ വിശ്വാസികളുടെ മിഷൻ ഫീൽഡ് കൂട്ടായ്മ:
അധ്യക്ഷൻ ഡോ.മാത്യൂസ് മാർ സെറാഫിം,മുഖ്യ സന്ദേശം റവ. ബി.വി.രവികുമാര.