കുംഭമാസ പൂജയ്ക്കായി ശബരിമല നട തുറന്നു

Mail This Article
ശബരിമല ∙ കുംഭമാസ പൂജയ്ക്കായി അയ്യപ്പ ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരിയാണു നട തുറന്നത്. ശ്രീകോവിലിലെ ദീപങ്ങൾ തെളിയിച്ച ശേഷം മാളികപ്പുറം നട തുറക്കാൻ മേൽശാന്തി വാസുദേവൻ നമ്പൂതിരിക്ക് താക്കോൽ കൈമാറി. പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു. പിന്നീടാണ് തീർഥാടകരെ പതിനെട്ടാംപടി കയറാൻ അനുവദിച്ചത്.
ഇന്ന് കുംഭ പുലരിയിൽ തന്ത്രിയുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമത്തോടെ പൂജയും അഭിഷേകവും തുടങ്ങും. 17നു രാത്രി 10നു നട അടയ്ക്കും. എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം എന്നിവയുണ്ട്. നെയ്യഭിഷേകം പുലർച്ചെ 5.30 മുതൽ 10.30 വരെയാണ്. 16നു വൈകിട്ട് സഹസ്രകലശ പൂജയും 17നു സഹസ്ര കലശാഭിഷേകവും നടക്കും. വെർച്വൽ ക്യൂ ബുക്കു ചെയ്യാത്തവർക്കായി പമ്പയിൽ സ്പോട് ബുക്കിങ് സൗകര്യം ഉണ്ട്.
കുള്ളാർ അണക്കെട്ട് തുറന്ന് പമ്പയിൽ വെള്ളം എത്തിച്ചിട്ടുണ്ട്. ജലസേചന വിഭാഗം ത്രിവേണി ചെറിയപാലം, ആറാട്ടുകടവ് എന്നിവിടങ്ങളിൽ വെള്ളം സംഭരിച്ചാണ് സ്നാനത്തിനു സൗകര്യം ഒരുക്കിയത്. ചെറിയ വാഹനങ്ങൾക്ക് പമ്പ ഹിൽടോപ്, ചക്കുപാലം എന്നിവിടങ്ങളിൽ പാർക്കിങ് അനുവദിച്ചിട്ടുണ്ട്. ചാലക്കയം– പമ്പ റോഡിന്റെ വശങ്ങളിൽ പാർക്കിങ് അനുവദിക്കില്ല. പമ്പ–നിലയ്ക്കൽ റൂട്ടിൽ കെഎസ്ആർടിസി ചെയിൻ സർവീസും തുടങ്ങി. ഇതിനായി 65 ബസ് എത്തി. ചെങ്ങന്നൂർ, പത്തനംതിട്ട, കുമളി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കു പ്രത്യേക സർവീസും ഉണ്ട്.