കേരളത്തെ നടുക്കിയ ഇലന്തൂർ നരഹത്യയും ഒരു ഊമക്കത്തും; വിദ്യാർഥികൾ നടത്തിയ യാത്ര

Mail This Article
കേരളത്തെ നടുക്കിയ ആ നരഹത്യ പുറംലോകമറിഞ്ഞത് ഒരു ഊമക്കത്തിലൂടെയായിരുന്നു. കാൽ നൂറ്റാണ്ടിനു ശേഷം, ആ ഊമക്കത്തിന്റെ പിന്നിലുളളയാളെത്തേടി മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷനിലെ (മാസ്കോം) വിദ്യാർഥികൾ നടത്തിയ യാത്ര.
1997 ലെ മനോരമ പത്രത്തിലാണ് ആ വാർത്ത വന്നത്. ‘ബാധയൊഴിപ്പിക്കാൻ പിഞ്ചു കുഞ്ഞിനെ കുരുതി കൊടുത്തു’ എന്നായിരുന്നു തലക്കെട്ട്. കുട്ടിയെ വീട്ടിലടച്ചിട്ടു പീഡിപ്പിക്കുന്നെന്നും നരബലി നടത്താൻ പദ്ധതിയുണ്ടെന്നും കാണിച്ച് ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ മാത്യുവിനു ലഭിച്ച ഊമക്കത്താണ് ആ കേസിന്റെ ചുരുളഴിച്ചത്. ആ ഊമക്കത്തിന്റെ ഉറവിടം തേടിയുള്ള യാത്രയാണു ഞങ്ങളെ മംഗളാനന്ദനിലെത്തിച്ചത്.
പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിനു സമീപം പരിയാരത്ത് കണിയാംകണ്ടം വീട്ടിലെ അശ്വനി എന്ന നാലുവയസ്സുകാരിയാണ് തീപ്പൊള്ളലേറ്റ് ദുരൂഹമരണത്തിനിരയായത്. ആയുർവേദ ഡോക്ടറായിരുന്ന ശശിരാജ പണിക്കരാണ് മൂധേവീപൂജയ്ക്കായി സ്വന്തം മകളെ കുരുതി കൊടുത്തത്. മാസങ്ങൾ നീണ്ട ശാരീരിക, മാനസിക പീഡനങ്ങളിലൂടെ അവൾ മരണത്തിനു കീഴടങ്ങുമ്പോൾ, സത്യത്തിനു വേണ്ടി കാലം എന്തെങ്കിലുമൊന്ന് അവശേഷിപ്പിക്കുമെന്നതാണ് ഈ കേസിലും വഴിത്തിരിവായത്. മംഗളാനന്ദന്റെ ദൃക്‌സാക്ഷിത്വമായിരുന്നു ഇവിടെ ആ നാലു വയസ്സുകാരിക്ക് നീതി ലഭിക്കാൻ കാരണം.
നടന്നുനടന്ന് ഭൂമിയുടെ അറ്റത്തെത്തിയ പ്രതീതിയായിരുന്നു കുന്നിൻമുകളിലെ ആ വീട്ടിലെത്തിയപ്പോൾ. റബർ ടാപ്പിങ് തൊഴിലാളിയായ മംഗളാനന്ദനെ കാണാൻ കുറച്ചു കാത്തിരിക്കേണ്ടിവന്നു. ടാപ്പിങ് കഴിഞ്ഞെത്തിയ മംഗളൻ കാൽനൂറ്റാണ്ടു മുൻപു നടന്ന ആ സംഭവം ഓർത്തെടുത്തു.
അശ്വനിയുടെ വീടിനടുത്തു ടാപ്പിങ് ഉള്ളതിനാൽ അവളെ മംഗളനു നേരിട്ടു പരിചയമുണ്ടായിരുന്നു. മിടുക്കിയായ സുന്ദരിക്കുട്ടി എന്നാണ് അദ്ദേഹം ഇന്നും ആ കുഞ്ഞിനെപ്പറ്റി പറയുന്നത്. പണിക്കരുടെ രണ്ടാം ഭാര്യ സുകുമാരിയമ്മയുടെ മകളാണ് അശ്വനി. സുകുമാരിയമ്മയുടെ ബന്ധുവായ, പണിക്കരുടെ മൂന്നാം ഭാര്യ എന്നവകാശപ്പെട്ടിരുന്ന സീന കുഞ്ഞിനെ പല തവണ ഉപദ്രവിക്കുന്നതു നേരിൽ കണ്ട മംഗളൻ ഒരു ദിവസം പണിക്കരെ കണ്ടു കാര്യം തിരക്കുകയും കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാൽ ആരും രക്ഷപ്പെടില്ല എന്നു മുന്നറിയിപ്പു നൽകുകയും ചെയ്തു. എന്നാൽ അതിന്റെ മുപ്പതാം ദിവസം കുഞ്ഞു മരിച്ചു. സ്വാഭാവിക മരണം എന്നു വരുത്തിത്തീർക്കാൻ കുടുംബം ശ്രമിച്ചെങ്കിലും മംഗളൻ അയച്ച കത്താണു സംഭവത്തിന്റെ ഗതി മാറ്റിയത്.
കേസിന്റെ പ്രധാന തെളിവായ, ശശിരാജ പണിക്കരുടെ ഡയറി ആ വീട്ടിൽനിന്നു കണ്ടെത്തി പൊലീസിനെ ഏൽപിച്ചതും മംഗളനാണ്. കുരുതിയുമായി ബന്ധപ്പെട്ട ആചാരങ്ങളുടെ വിശദാംശങ്ങളായിരുന്നു ആ ഡയറിയിൽ. ശശിരാജന്റെ ജ്യേഷ്ഠൻ സത്യപാല പണിക്കർ തന്റെ മകളുടെ വിവാഹം നടക്കാൻ വേണ്ടി കുരുതിക്കു കൂട്ടു നിന്നു. അയാൾ കെഎസ്ഇബിയിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നതിനാൽ കേസിൽ തന്റെ പങ്കു മറച്ചുവയ്ക്കാൻ ശ്രമിച്ചിരുന്നു. അയാളും അറസ്റ്റിലായ ശേഷമാണു മംഗളൻ തന്റെ ദൗത്യം അവസാനിപ്പിച്ചത്. മനോദൗർബല്യമുണ്ടായിരുന്ന ശശിരാജ പണിക്കർ ജയിലിൽ കിടന്നു മരിക്കുകയും സുകുമാരിയമ്മയും സീനയും ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങി നാടു വിട്ടു പോവുകയും ചെയ്തു. എന്നാൽ അനാഥരായത് ആ കുടുംബത്തിലെ കുട്ടികളായിരുന്നു.
അവർക്കു തുണയായതും മംഗളൻ തന്നെ. വിധിക്കു ശേഷം പഞ്ചായത്ത് പ്രസിഡന്റിനോടും പൊലീസിനോടും കുട്ടികളുടെ അവസ്ഥ പറഞ്ഞു മനസ്സിലാക്കി, കുടുംബവീടായ കണിയാംകണ്ടം അവർക്കു തിരിച്ചു നൽകി. ഒരു തെറ്റും ചെയ്യാത്ത ആ കുട്ടികൾ എന്തിനു ശിക്ഷയനുഭവിക്കണം എന്നാതായിരുന്നു മംഗളന്റെ ചോദ്യം.
സ്വന്തം അമ്മയുംകൂടി ചേർന്നു കൊലപ്പെടുത്തിയ കുഞ്ഞിനു വേണ്ടി സംസാരിക്കാൻ താൻ കൂടി ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു എന്ന ചിന്തയാണു മംഗളനു പ്രേരകശക്തിയായത്. ഒരു സാധരണക്കാരൻ സമൂഹത്തിലെ പേരുകേട്ട ഒരു കുടുംബത്തിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയതിനു പിന്നിൽ എന്തെന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ ഉത്തരം മനസ്സാക്ഷി എന്നാണ്. മംഗളാനന്ദന്റെ അന്നത്തെ ധൈര്യവും പോരാട്ടവും നാട്ടുകാരിൽ ചിലർ ഇന്നും ഓർക്കുന്നുണ്ട്. മംഗളന്റെ ഭാര്യ ശാന്തകുമാരിയും ടാപ്പിങ് തൊഴിലാളി ആണ്.
2022 ൽ ഇലന്തൂരിൽത്തന്നെ നടന്ന നരബലി കേസിലെ പ്രതികളായ ഭഗവൽസിങ്ങിനെയും ലൈലയെയും മംഗളന് അടുത്ത പരിചയമുണ്ട്. ഭഗവൽസിങ് മംഗളന്റെ സുഹൃത്തും ലൈല സുഹൃത്തിന്റെ സഹോദരിയുമാണ്. പല തവണ അവരുടെ വീട് അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്യലിനായി കൊണ്ടുവന്ന സമയത്തു താനും അവിടെ പോയിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ മാന്യൻമാരായി നടക്കുന്ന ഇത്തരം വ്യക്തികളുടെ മനോനില എപ്രകാരമാണെന്നു തനിക്കു മനസ്സിലാവുന്നില്ലെന്നു അദ്ദേഹം പറയുന്നു.