സഹിഷ്ണുത കുറയുമ്പോൾ അതിജീവനത്തിന് ചെറുപുഞ്ചിരി മരുന്നാകും: രമേഷ് പിഷാരടി

Mail This Article
തിരുവല്ല ∙ സഹിഷ്ണുതയും ചിരിയും കുറയുന്ന കാലത്ത് അതിജീവിക്കാൻ ഒരു ചെറുപുഞ്ചിരി മരുന്നാകുമെന്നു നടൻ രമേഷ് പിഷാരടി. മനോരമ ന്യൂസിന്റെ സാമൂഹിക പ്രതിബദ്ധത ദൗത്യമായ ‘കേരള കാൻ’ ഒൻപതാം പതിപ്പിന്റെ ഭാഗമായി നടന്ന സൗജന്യ കാൻസർ നിർണയ ക്യാംപിന്റെ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രോഗങ്ങളില്ലാത്ത ലോകം സാധ്യമായ കാര്യമല്ല. പകരം അസുഖബാധിതരെ ചേർത്തു നിർത്തണം. ചിന്തകൾക്കു നിയന്ത്രണമില്ലാത്ത കാലത്താണു നാം ജീവിക്കുന്നത്. നമ്മുടെ മനസ്സിനെ മറ്റാരുടെയും മനസ്സിനു സ്വാധീനിക്കാൻ കഴിയുന്ന കാലമാണിതെന്ന് അദ്ദേഹം പറഞ്ഞു.എത്ര തിരമാലകളിൽ പെട്ടാലും അതിൽനിന്നു കരകയറാനും ജീവിക്കാനും കഴിയുമെന്ന വിശ്വാസമാണ് ഓരോരുത്തർക്കും വേണ്ടതെന്ന് കേരള കാൻ ഒൻപതാം പതിപ്പും ക്യാംപും ഉദ്ഘാടനം ചെയ്ത ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ ഡോ. മാർ സാമുവൽ തെയോഫിലോസ് മെത്രാപ്പൊലീത്ത പറഞ്ഞു. 50 ലക്ഷം രൂപയുടെ ചികിത്സാ പദ്ധതിക്കാണ് തുടക്കമിട്ടത്. തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജുമായി ചേർന്നാണ് ‘കേരള കാൻ’ ഒൻപതാം പതിപ്പ് സംഘടിപ്പിക്കുന്നത്. ഐസിഎൽ ഫിൻകോർപ്പാണ് അസോസിയേറ്റ് പാർട്ണർ. ഫ്രാൻസിൽ നിന്നുള്ള പിന ബ്ലാൻകെവൂർട്, നടി സ്മിനു സിജോ, മനോരമ ന്യൂസ് ചീഫ് കോഓർഡിനേറ്റിങ് എഡിറ്റർ റോമി മാത്യു, ബിലീവേഴ്സ് ആശുപത്രി മാനേജർ ഫാ. സിജോ പന്തപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.
അനുഭവം പങ്കുവച്ച് സ്മിനു സിജോ
ചലച്ചിത്ര താരങ്ങളായ രമേഷ് പിഷാരടി, സ്മിനു സിജോ എന്നിവരുമായി പാർവതി കുര്യാക്കോസ് നടത്തിയ സംവാദത്തോടെയാണ് പരിപാടി തുടങ്ങിയത്. ഒരു നിമിഷത്തെ ആലോചന പോലും ഇല്ലാതെയാണ് താൻ കേരള കാൻ പദ്ധതിയുടെ മുഖമായി മാറിയതെന്നു രമേഷ് പിഷാരടി പറഞ്ഞു.മാതാവ് കാൻസർ രോഗത്തെ അതിജീവിച്ച സാഹചര്യം വിശദീകരിച്ചാണ് സ്മിനു സിജോ അനുഭവം പങ്കുവച്ചത്. രോഗിക്കു നമ്മൾ നൽകുന്ന പിന്തുണയാണ് ഏറ്റവും നല്ല ചികിത്സ. ഡോക്ടറുടെ പുഞ്ചിരിയിൽ രോഗം പകുതി മാറുമെന്നും സ്മിനു പറഞ്ഞു.കാൻസറിനെ അതിജീവിച്ച ആലപ്പുഴ നീർക്കുന്നം സ്വദേശി പി.എസ്.സ്നേഹലതയുടെ അനുഭവം സദസ്സിനെ വികാരഭരിതരാക്കി. ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളിയിൽ നാടൻ പാട്ടിനു വർഷങ്ങളായി ഒന്നാം സ്ഥാനം നേടുന്ന തനിക്ക് ഒരു വർഷം മുൻപാണ് നാവിനു കാൻസർ ബാധിച്ചത്. വീണ്ടും പാട്ടുപാടണമെന്ന ഉറച്ച തീരുമാനത്തിനു മുൻപിൽ കാൻസർ തോറ്റു. ഫ്രാൻസിലെ സ്മൈൽ ഫോർ ഹെൽത്ത് ക്ലൗൺ കെയറിൽ നിന്നെത്തിയ പിന ബ്ലാൻകെവ്റൂട്ടും സംഘവും അവതരിപ്പിച്ച കോമഡി രംഗവും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് മെഡിക്കൽ വിദ്യാർഥി സംഘം ഡാൻസ്, മൈം എന്നിവയും അവതരിപ്പിച്ചു.