പറയാനുള്ളവരോടെല്ലാം പറഞ്ഞു; ഒരുമാറ്റവുമില്ല: നാടിന്റെ ഗതികേട്

Mail This Article
ഇരവിപേരൂർ∙ കല്ലൂപ്പാറ– പ്രയാറ്റുകടവ്– ഇരവിപേരൂർ റോഡ് തകർന്നു നാട്ടുകാർ ദുരിതത്തിൽ. ഒന്നരവർഷം മുൻപ് സ്വകാര്യ കമ്പനി ഇന്റർനെറ്റ് കേബിൾ ഇടുന്നതിനായി റോഡ് കുഴിച്ചതോടെയാണ് നാട്ടുകാരുടെ ദുരിതം തുടങ്ങിയത്. നല്ല നിലയിലായിരുന്ന റോഡു കുഴിക്കുന്നതിനെതിരെ അന്ന് പ്രതിഷേധം ഉയരുകയും പഞ്ചായത്ത് പ്രസിഡന്റ് സ്ഥലത്ത് എത്തി സ്വകാര്യ കമ്പനി പണം പഞ്ചായത്തിൽ അടച്ചിട്ടുണ്ടെന്നും പൊളിക്കുന്ന ഭാഗം തിരികെ നന്നാക്കി തന്നില്ലെങ്കിൽ അവർ കെട്ടിവയ്ക്കുന്ന പണം ഉപയോഗിച്ച് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊളിച്ച ഭാഗങ്ങൾ നന്നാക്കിത്തരും എന്ന് അറിയിച്ചിരുന്നതാണ്,
കമ്പനിക്കാർ അവർ കുഴിച്ചഭാഗം കുറച്ചു മണ്ണിട്ടു മാത്രം നികത്തി. പിന്നീട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുറെ ഭാഗം കോൺക്രീറ്റ് ചെയ്തെങ്കിലും റോഡിന്റെ 80 ശതമാനം ഭാഗവും തകർന്നു കിടക്കുകയാണ്. റോഡ് നന്നാക്കി ടാർ ചെയ്‌തു സഞ്ചാര യോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കല്ലൂപ്പാറയിൽ നിന്ന് ഇരവിപേരൂരിലേക്കുള്ള എളുപ്പമാർഗം കൂടിയാണിത്. മന്ത്രിമാരായ എംബി രാജേഷ്, വീണാ ജോർജ്, ആന്റോ ആന്റണി എംപി എന്നിവർക്കെല്ലാം നാട്ടുകാർ നിവേദനം നൽകി.31ന് സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ റോഡ് പണി പൂർത്തീകരിക്കാൻ സാധിക്കാതെ വന്നാൽ ഫണ്ട് നഷ്ടമാകാനുള്ള സാധ്യത ഏറെയാണ്. പണി കരാർ എടുക്കാൻ ആരും വരുന്നില്ല എന്നാണ് അധികാരികൾ ഇപ്പോൾ പറയുന്നത്.