പുതിയ പൈപ്പുകളിൽ തുടർച്ചയായി ചോർച്ച; റോഡും തകർച്ചയിൽ

Mail This Article
മല്ലപ്പള്ളി ∙ പുല്ലാട് റോഡിൽ ജല അതോറിറ്റിയുടെ പൈപ്പിലെ ചോർച്ച തുടരുന്നു. ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമിച്ച റോഡിനും കേടുപാടുകൾ സംഭവിക്കുന്നു.കോടികൾ ചെലവഴിച്ച് സ്ഥാപിച്ച പുതിയ പൈപ്പുകളിലാണ് ചോർച്ച. വെണ്ണിക്കുളം സബ്റജിസ്ട്രാർ ഓഫിസിന് സമീപത്താണ് ചോർച്ചയിൽ ജലം നഷ്ടപ്പെടുന്നത്. സിഎംഎസ് ഹയർ സെക്കൻഡറി സ്കൂൾപടിയിൽ ജലം നിയന്ത്രിച്ചു വിടുന്ന വാൽവിൽനിന്നു ലീറ്റർ കണക്കിന് ജലം പാഴാകുന്നുണ്ട്.
മല്ലപ്പള്ളി സിഎംഎസ് ഹയർ സെക്കൻഡറി സ്കൂൾപടി മുതൽ പുല്ലാട് വരെയുള്ള ഭാഗങ്ങളിൽ ഇതിനോടകം ഒട്ടേറെ സ്ഥലങ്ങളിൽ പൈപ്പിൽ ചോർച്ചയുണ്ടായിട്ടുണ്ട്. വെണ്ണിക്കുളം പള്ളിപ്പടിക്കും കോതകുളത്തിനും ഇടയിൽ 15ൽ ഏറെ സ്ഥലങ്ങളിൽ ഇതിനോടകം കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പൈപ്പിലെ അറ്റകുറ്റപ്പണികൾക്കായി എടുക്കുന്ന കുഴികൾമൂലം ടാറിങ്ങും തകർന്നിട്ടുണ്ട്.
പൈപ്പിൽ വിവിധയിടങ്ങളിൽ അടിക്കടിയുണ്ടാകുന്ന ചോർച്ചമൂലം റോഡ് പെട്ടെന്ന് ശോച്യാവസ്ഥയിലേക്കെത്താനുള്ള സാധ്യതയേറെയാണ്. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡ് വിവിധ രാഷ്ട്രീയ സംഘടനകളുടെ പ്രതിഷേധങ്ങൾക്കുശേഷമാണ് സഞ്ചാരയോഗ്യമാക്കിയത്. ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിക്കുന്ന റോഡ് പൈപ്പുകൾ പൊട്ടി തകരുന്നത് ഒഴിവാക്കുന്നതിനാണ് പുതിയ പൈപ്പുകൾ സ്ഥാപിച്ചത്. എന്നാൽ, പുതിയ പൈപ്പിലും തുടർച്ചയായുണ്ടാകുന്ന ചോർച്ചമൂലം ടാറിങ്ങിനു കേടുപാടുകൾ സംഭവിക്കുകയാണ്.