റോഡിൽ ചിതറി മെറ്റൽ; അപകട സാധ്യതയേറി: യാത്രക്കാർ രക്ഷപ്പെടുന്നത് തലനാരിഴയ്ക്ക്

Mail This Article
പുതമൺ ∙ മെറ്റലുകൾ ചിതറിക്കിടക്കുന്ന റോഡിലൂടെ യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാർ അപകടങ്ങളിൽ നിന്നു രക്ഷപ്പെടുന്നത് തലനാരിഴയ്ക്ക്. റാന്നി–കോഴഞ്ചേരി ശബരിമല പാതയിൽ തകർന്ന പുതമൺ പാലത്തോടു ചേർന്നു നിർമിച്ചിട്ടുള്ള താൽക്കാലിക റോഡിലെ കാഴ്ചയാണിത്.
പാലത്തോടു ചേർന്ന തോടും കൂടി ബന്ധപ്പെടുത്തിയാണ് താൽക്കാലിക റോഡ് പണിതിട്ടുള്ളത്. തോട്ടിലെ നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാൻ കോൺക്രീറ്റ് പൈപ്പുകളിട്ടുണ്ട്. അതിനു മുകളിൽ കരിങ്കല്ലടുക്കിയ ശേഷം ഉപരിതലത്തിൽ പാറമക്കിട്ട് ഉറപ്പിച്ചിരിക്കുകയാണ്. 125 മീറ്ററോളം നീളത്തിലാണ് റോഡ് പണിതിട്ടുള്ളത്.
കഴിഞ്ഞ വർഷം ജനുവരിയിലാണ് റോഡ് ഗതാഗതത്തിനു തുറന്നു കൊടുത്തത്. പേരിന് ഉപരിതലം ടാറിങ് നടത്തിയിരുന്നു. അതെല്ലാം നശിച്ചു. പിന്നീട് പാറമക്കിട്ട് ഉറപ്പിക്കുകയായിരുന്നു. അതും ഇളകി. മെറ്റലുകൾ ചിതറിക്കിടക്കുകയാണ്. കുഴികളും തെളിയുന്നു. വാഹനങ്ങൾ കടന്നു പോകുമ്പോൾ മെറ്റൽ തെറിക്കുകയാണ്. ഇരുചക്ര വാഹന യാത്രക്കാർ മെറ്റലിൽ തെന്നി വീഴുന്നുണ്ട്.
ശബരിമല തീർഥാടനത്തിനു മുൻപ് ടാറിങ് നടത്തി റോഡ് നന്നാക്കണമെന്ന് പിഡബ്ല്യുഡിയുടെ അവലോകന യോഗത്തിൽ എംഎൽഎ നിർദേശിച്ചിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. വിലക്കുകൾ ലംഘിച്ച് ടിപ്പർ ലോറികളും ടോറസുകളും ഇപ്പോൾ റോഡിലൂടെ കടന്നു പോകുന്നുണ്ട്. ഇതിനെതിരെയും നടപടിയുണ്ടാകുന്നില്ല.