വനത്തിലെ ഓലികൾ വറ്റി; കാടിറങ്ങി വന്യജീവികൾ: വടശേരിക്കര ബൗണ്ടറി ഭാഗത്ത് പുലിസാന്നിധ്യം

Mail This Article
വടശേരിക്കര ∙ മലയോരവാസികളുടെ ഉറക്കം കെടുത്തി കാട്ടാനകൾക്കു പിന്നാലെ പുലിയും കടുവയും ജനവാസ കേന്ദ്രങ്ങളിലേക്കെത്തുന്നു. വടശേരിക്കര ബൗണ്ടറി ചേമ്പരത്തിമൂട് ഭാഗത്താണ് പുലിയുടെ സാന്നിധ്യം കണ്ടത്. മണപ്പാട്ട് അമ്പലത്തിന് എതിർവശം വനത്തിൽ കടുവ ഏതോ മൃഗത്തെ വേട്ടയാടുന്ന ശബ്ദം കേട്ടതായും പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ബൗണ്ടറി ചിറക്കൽ ഭാഗത്ത് കാട്ടാന എത്തിയിരുന്നു. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ചെമ്പരത്തിമൂട് ഭാഗത്ത് പുലിയെ കണ്ടത്. സമീപത്തെ വീട്ടിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിൽ പുലി പോലുള്ള മൃഗം ഓടിപ്പോകുന്നതിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ രാത്രി മുതൽ ഇതു പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് കാട്ടുപൂച്ചയാണെന്നാണ് (വള്ളിപുലി) വനപാലകർ പറയുന്നത്. കണ്ടാൽ പുലിയെ പോലിരിക്കും.
മണപ്പാട്ട് അമ്പലത്തിന് എതിർവശത്തെ വനത്തിൽ ഇന്നലെ രാവിലെയാണ് കടുവ ഏതോ മൃഗത്തെ വേട്ടയാടുന്നതിന്റെ ശബ്ദം സമീപവാസികൾ കേട്ടത്. കടുവയുടെ ശബ്ദവും മുരൾച്ചയുമായിരുന്നെന്ന് സമീപവാസികൾ പറയുന്നു. ചൂട് കടുത്തതോടെ കാടു വിട്ട് മൃഗങ്ങളെല്ലാം നാട്ടിൻപുറങ്ങളിലേക്കെത്തുകയാണ്. വനത്തിലെ ഓലികളെല്ലാം വറ്റി വരണ്ടതു മൂലം വെള്ളം കിട്ടാനില്ല. കല്ലാറിലേക്ക് അവ കൂട്ടത്തോടെ എത്തുകയാണ്.