അപകടത്തിലേക്ക് വഴിതുറന്ന് മുട്ടത്തുപടി–പ്ലാംചുവട് പാലം

Mail This Article
ഇടിഞ്ഞില്ലം ∙ അധികൃതർ മറന്നുപോയ മുട്ടത്തുപടി – പ്ലാംചുവട് പാലം ഏതു നിമിഷവും അപകടത്തിലേക്കു നയിക്കുന്ന അവസ്ഥയിലാണ്. 3 മീറ്റർ പോലും വീതിയില്ലാത്ത പാലത്തിന്റെ ഒരു വശത്തെ കൈവരികൾ പൂർണമായും തകർന്നു. പാലത്തിന്റെ അടിവശത്തെ കൽക്കെട്ടുകൾ സുരക്ഷിതമല്ലാത്ത നിലയിലായിട്ടു വർഷങ്ങളായി. പാലം അപകടത്തിൽ എന്ന ബോർഡ് റോഡിൽ 4 സ്ഥലത്ത് 5 വർഷം മുൻപ് സ്ഥാപിച്ചിരുന്നെങ്കിലും അതു പോലും കാണാനില്ല. പെരിങ്ങര പഞ്ചായത്ത് 5, 6 വാർഡുകളുടെ അതിർത്തിയിലാണു പാലം.
എംസി റോഡിനെയും ഇടിഞ്ഞില്ലം–കാവുംഭാഗം റോഡിനെയും ബന്ധിപ്പിക്കുന്ന റോഡിൽ മുട്ടത്തുപടിയിലാണു പാലം. കൈവരി തകർന്നു പാലം അപകടാവസ്ഥയിലായതോടെ 10 വർഷം മുൻപു ജില്ലാ പഞ്ചായത്തംഗമായിരുന്ന സാം ഈപ്പൻ 25 ലക്ഷം രൂപ പാലം പൊളിച്ചു പണിയുന്നതിനു ജില്ലാ പഞ്ചായത്ത് ഫണ്ട് ഉൾപ്പെടുത്തിയിരുന്നു. 2 പ്രാവശ്യം ടെൻഡർ ചെയ്തിരുന്നെങ്കിലും ആരും എടുത്തില്ല. പഞ്ചായത്തംഗമായിരുന്ന ക്രിസ്റ്റഫർ ഫിലിപ്പ് പാലത്തിന്റെ ഇരുവശത്തും അപകടാവസ്ഥ കാണിച്ച് ബോർഡ് സ്ഥാപിക്കുകയും ചെയ്തു.
അതോടെ തീർന്നു പാലം പുനരുദ്ധാരണം. പിന്നീട് ഇതുവരെയും ആരും തിരിഞ്ഞുനോക്കിയിട്ടില്ല. എംസി റോഡിൽ നിർമാണം നടന്നപ്പോൾ ഇതുവഴി ഗതാഗതം തിരിച്ചുവിട്ടിരുന്നു. അന്ന് നാട്ടുകാർ കമ്പ് ഉപയോഗിച്ച് കൈവരി കെട്ടി സ്ഥാപിച്ചു. കാലപ്പഴക്കത്തിൽ അതും നശിച്ചുപോയി. പിന്നീട് ആരും തിരിഞ്ഞുനോക്കിയിട്ടില്ല. ദിവസവും ഒട്ടേറെ ചെറുവാഹനങ്ങൾ ഇതുവഴി പോകുന്നതാണ്. നടന്നുപോകുന്നവർ പോലും പാലത്തിൽ നിന്നു താഴെ വീഴാനുള്ള സാധ്യതയുണ്ട്.