വികസനം എത്താതെ കായംകുളം–പുനലൂർ റോഡ്; വാഹനങ്ങളുടെ എണ്ണം പെരുകി, റോഡ് പഴയപടി തന്നെ!

Mail This Article
അടൂർ∙വികസനം കാത്ത് കായംകുളം–പുനലൂർ റോഡ് (കെപി റോഡ്). പാലങ്ങൾ അപകടക്കെണിയായും കവലകൾ അപകട മേഖലയായും മാറി. ദിനംപ്രതി വാഹനങ്ങളുടെ എണ്ണം കൂടുമ്പോഴും റോഡ് പഴയ മട്ടിൽ തന്നെ. ആശുപത്രിക്കവലകൾ, സ്കൂൾ കവലകൾ, ചന്ത എന്നിവയുടെ ഓരം ചേർന്നു കടന്നു പോകുന്ന റോഡാണ് ഗതാഗത സുരക്ഷ കാത്തു കിടക്കുന്നത്. തമിഴ്നാടും കേരളവുമായി ബന്ധപ്പെട്ടു കടന്നുപോകുന്ന റോഡ് ചരക്കു വാഹനങ്ങളുടെ പ്രധാന പാതയാണ്. എന്നാൽ ഭാരം കയറ്റിയ വാഹനം കടന്നു പോകാൻ ശേഷിയില്ലാത്തതായി മാറി.
പുതുവൽ മുതൽ അടൂർ ഹൈസ്കൂൾ ജംക്‌ഷൻ വരെയുള്ള ഭാഗങ്ങളിലാണ് റോഡിന് വാഹനങ്ങൾ ഉൾക്കൊള്ളാനാകാതെ വരുന്നത്. കോട്ടമുകൾ ജംക്‌ഷന് സമീപവും ഏഴംകുളം ജംക്‌ഷനു സമീപവുമുള്ള വീതി കുറഞ്ഞ പാലങ്ങളാണ് അപകടങ്ങൾക്കും ഗതാഗത കുരുക്കിനും കാരണമാകുന്നത്. പാലങ്ങളിൽ ഇരുഭാഗത്തു നിന്ന് ഒരേ സമയം വാഹനങ്ങൾ വന്നാൽ കാൽനട യാത്രക്കാർക്ക് ഒഴിഞ്ഞു മാറാൻ ഇടവുമില്ല.
ദിവസങ്ങൾക്ക് മുൻപ് കോട്ടമുകൾ ഭാഗത്തെ പാലത്തിൽ ലോറി മറിഞ്ഞ് ജീവനക്കാർക്ക് പരുക്കേറ്റു. ഇവിടെ പാലത്തിന്റെ കൈവരികൾ തകരുകയും ചെയ്തു. പാലം അപകടാവസ്ഥയിലായിട്ടും താൽക്കാലിക സുരക്ഷ മാത്രമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കാലപ്പഴക്കമുള്ള പാലങ്ങളും റോഡും നവീകരിച്ച് ഗതാഗത സുരക്ഷ ഒരുക്കാൻ നടപടിയില്ല.ഏഴംകുളം, പറക്കോട്, കെഎസ്ആർടിസി ജംക്‌ഷനും ഗവ.ആശുപത്രിക്കും ഇടയിലുള്ള ഭാഗം എന്നിവിടങ്ങളിൽ റോഡിന് വീതിയില്ലാത്തതു കാരണം ഇരു ഭാഗത്തു നിന്നുള്ള വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ കഴിയുന്നില്ല.
സ്കൂൾ കവലയിലടക്കം വേണ്ടത്ര വീതിയില്ല. ഇവിടെയാണ് ഒരേ ഭാഗത്ത് ഇരു വശത്തെയും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും. പറക്കോട് മുതൽ പുതുവൽ വരെ ടാറിങ്ങിലെ അപാകത കാരണം റോഡ് അപകടാവസ്ഥയിലാണ്. പൈപ് സ്ഥാപിച്ച കുഴികൾ ശരിയായി മൂടാതെ ജല അതോറിറ്റി മടങ്ങിയപ്പോൾ അതിനു മീതെ പൊതുമരാമത്ത് ടാറിങ് നടത്തി. അതോടെ റോഡിന്റെ ഒരു ഭാഗം താണും മറു ഭാഗം ഉയർന്ന നിലയിലുമായി. അപകടങ്ങൾക്ക് കാരണമായതോടെ ചില ഭാഗങ്ങളിൽ വീണ്ടും ടാറിങ് നടത്തിയെങ്കിലും ഫലം കണ്ടില്ല.