പണം തിരിച്ചുനൽകാതെ സഹകരണ ബാങ്ക്; ജീവനൊടുക്കാൻ ശ്രമിച്ച് നിക്ഷേപകൻ

Mail This Article
കോന്നി ∙ സിപിഎം ഭരിക്കുന്ന കോന്നി റീജനൽ സഹകരണ ബാങ്കിലെ നിക്ഷേപത്തുക തിരികെ കിട്ടാത്തതിനാലുള്ള മനോവിഷമം മൂലം ജീവനൊടുക്കാൻ ശ്രമിച്ചയാൾ ഗുരുതരാവസ്ഥയിൽ. പയ്യനാമൺ താവളപ്പാറ ആനന്ദഭവനം പി.ആനന്ദനാണ് (71) തിങ്കളാഴ്ച അഞ്ചരയോടെ വീട്ടിൽ ജീവനൊടുക്കാൻ ശ്രമിച്ചത്. അസുഖങ്ങൾക്ക് കഴിച്ചിരുന്ന ഗുളികകൾ അമിത അളവിൽ മദ്യത്തിനൊപ്പം കുടിക്കുകയായിരുന്നു.
ഛർദിക്കുന്നത് കേട്ട് ഭാര്യ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. കോന്നി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ബാങ്കിൽ 11 ലക്ഷം രൂപയാണ് ആനന്ദൻ നിക്ഷേപിച്ചിരുന്നത്. വീട് വയ്ക്കാനുള്ള ആവശ്യത്തിനായി തുക തിരികെ ചോദിച്ചപ്പോൾ 50,000 രൂപ നൽകാമെന്നു പറഞ്ഞതോടെ ആനന്ദനും കുടുംബവും നവംബർ 11ന് ബാങ്കിനു മുൻപിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
4 ദിവസം സമരം ചെയ്തതിനെ തുടർന്ന് തളർന്നുവീണ ആനന്ദനെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. വിവിധ ഘട്ടങ്ങളിലായാണ് ഇത്രയും തുക ബാങ്കിൽ നിക്ഷേപിച്ചത്. തുക പിൻവലിക്കാനായി ഒരു വർഷം മുൻപ് അപേക്ഷ നൽകിയെങ്കിലും പല കാരണങ്ങൾ പറഞ്ഞ് മടക്കി അയയ്ക്കുകയായിരുന്നു.ചുമടെടുത്തും മറ്റു ജോലികൾ ചെയ്തും സ്വരൂപിച്ച തുകയും നേരത്തെയുണ്ടായിരുന്ന ജോലിയുടെ പെൻഷനും ഉൾപ്പെടെയാണ് ബാങ്കിൽ നിക്ഷേപിച്ചത്. ആകെ ഒന്നരലക്ഷം രൂപ മാത്രമാണ് തിരികെ ലഭിച്ചത്.
തിങ്കളാഴ്ചയും ആനന്ദൻ ബാങ്കിൽ പോയിരുന്നു. തിരികെ വന്ന് പ്രയാസപ്പെട്ടിരിക്കുന്നത് കണ്ട് ഭാര്യ കാര്യങ്ങൾ തിരക്കിയിരുന്നു.പിന്നീട് കടയിൽ പോയി തിരികെ വന്നപ്പോഴാണ് ഗുളികയും മദ്യവും കഴിക്കുന്നത് കണ്ടതെന്നും മദ്യം കഴിക്കാത്ത ആളാണെന്നും ഏറെ വിഷമം അനുഭവിച്ചിരുന്നതായും ഭാര്യ പറഞ്ഞു. അതേസമയം, ആനന്ദൻ തിങ്കളാഴ്ചയെത്തി പലിശ വാങ്ങിക്കൊണ്ടുപോയതായും വീട്ടിൽ നടന്ന കാര്യങ്ങളെക്കുറിച്ച് അറിയില്ലെന്നും ബാങ്ക് അധികൃതർ അറിയിച്ചു.