വാളുവെട്ടുംപാറ –തേങ്ങാപ്പാറ മുരുപ്പ് റോഡ് കാത്തിരിപ്പു തുടരുന്നു, ശുദ്ധജലത്തിനായി!

Mail This Article
പത്തനംതിട്ട∙ശുദ്ധജലത്തിനായി നിരനിരയായി നിരത്തിവച്ചിരിക്കുന്ന പാത്രങ്ങളാണ വാളുവെട്ടുംപാറ –തേങ്ങാപ്പാറ മുരുപ്പ് റോഡിലെ പ്രധാന കാഴ്ച. ടാങ്കർ ലോറിയിൽ നഗരസഭ എത്തിക്കുന്ന വെള്ളം ശേഖരിക്കാൻ എല്ലാ വീടുകൾക്കു മുൻപിലും പാത്രങ്ങൾ ഏറെയുണ്ട്.നഗരത്തിൽ ഏറ്റവും കൂടുതൽ ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണ് വാളുവെട്ടുംപാറയും തേങ്ങാപ്പാറ മരുപ്പും. ശുദ്ധജലത്തിനായി ഇവിടെ നഗരവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല.നഗരസഭയിലെ ഒന്നാം വാർഡിലാണ് ഈ പ്രദേശം.
ചുരുളിക്കോട് ജംക്‌ഷനിൽ നിന്നു കുത്തനെയുള്ള കയറ്റം കയറിയാൽ വാളുവട്ടുംപാറയിൽ എത്താം.അവിടെ നിന്നു 5 മിനിറ്റു മാത്രം മതി തേങ്ങാപ്പാറ മുരുപ്പിൽ എത്താൻ. ജലക്ഷാമം കൊണ്ടു വലയുന്ന ഒട്ടേറെ വീട്ടുകാരുണ്ട് ഇവിടെ. വേനൽക്കാലത്ത് മുരുപ്പുകാരുടെ ഏക ആശ്രയം ഇവിടെ ഉള്ള ഓലിയാണ്. വേനലിന്റെ തീവ്രതയിൽ ഉറവ വറ്റിത്തുടങ്ങി.
അതിനാൽ ഊറിവരുന്ന വെള്ളം കലങ്ങാതെ കോരി എടുക്കണം. ഒരു പാത്രം നിറയാൻ ചിലപ്പോൾ അരമണിക്കൂർ വരെ എടുക്കും. പാറയിടുക്കിൽ നിന്ന് ഊറി വരുന്നത് ശുദ്ധമായ വെള്ളമാണ്. നല്ല തണുപ്പുമുണ്ട്. കഴിഞ്ഞാഴ്ച ഓലിയിലെ ചെളി നീക്കി വൃത്തിയാക്കി. ജലക്ഷാമം രൂക്ഷമായതോടെ കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും പ്രാഥമിക ആവശ്യത്തിനും വെള്ളം ഇല്ലാതെ ജനങ്ങൾ ശരിക്കും വലയുകയാണ്.
ഉയർന്ന പ്രദേശമായതിനാൽ പൈപ്പു വെള്ളവും ലഭിക്കുന്നില്ല. പത്തനംതിട്ട ശുദ്ധജല പദ്ധതിയിൽ നിന്നു വാളുവെട്ടുപാറ, തേങ്ങാപ്പാറ മുരുപ്പ് എന്നിവിടങ്ങളിൽ വെള്ളം ലഭിക്കാൻ പൈപ്പ് സ്ഥാപിച്ചിട്ടില്ല. നഗരത്തിലെ ജലക്ഷാമം പരിഹരിക്കാൻ ഒരു വർഷത്തിനുള്ളിൽ 3 ചെറിയ പദ്ധതികൾ നഗരസഭ മുന്നിട്ടിറങ്ങി നടപ്പാക്കി. ഈ സമയത്തും തേങ്ങാപ്പാറ മുരുപ്പിന്റെ ദുരിതം മാറാൻ പദ്ധതി ആയില്ല.