കാരണങ്ങൾ പലത്, ഉത്തരം ഒന്നുമാത്രം; വെള്ളമില്ല

Mail This Article
റാന്നി ∙ വേനൽ കടുത്തതോടെ റാന്നി മേജർ ജല വിതരണ പദ്ധതി മേഖലകളിൽ താമസിക്കുന്നവർ വെള്ളത്തിനായി ബുദ്ധിമുട്ടുന്നു. പമ്പാനദിയിലെ മുണ്ടപ്പുഴ ചന്ത കടവിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് ആനപ്പാറമല പ്ലാന്റിൽ ശുദ്ധീകരിച്ച ശേഷം മന്ദിരം പള്ളിപടി, പുതുശേരിമല ഊട്ടുപാറ, തട്ടേക്കാട്, കൊമ്പനോലി, തെക്കുംമല, ഇട്ടിയപ്പാറ, ആനത്തടം, കരികുളം, പൂഴിക്കുന്ന്, ചക്കിട്ടാംപൊയ്ക, മോതിരവയൽ എന്നീ സംഭരണികളിൽ എത്തിച്ചാണു വിതരണം. പമ്പ് ഹൗസിലെ 2 മോട്ടറുകൾ ഉപയോഗിച്ചാണ് രാത്രിയിലും പകലും പമ്പിങ് നടത്തിയിരുന്നത്.
ഇതിൽ ഒരു മോട്ടർ കേടായിട്ടു രണ്ടാഴ്ചയിലധികമായി. നിലവിൽ പ്രവർത്തിക്കുന്ന മോട്ടറിന്റെ പമ്പു കേടായതിന്റെ തകരാർ പരിഹരിച്ചെങ്കിലും ആവശ്യത്തിനു വെള്ളം പമ്പ് ചെയ്യാൻ കഴിയുന്നില്ല. തുടർച്ചയായി പമ്പിങ് ഇല്ലാത്തതിനാൽ ഊട്ടുപാറ, തട്ടേക്കാട് സംഭരണികൾ നിറയ്ക്കാനാവുന്നില്ല. മണിക്കൂറുകളെടുത്തു സംഭരണി നിറച്ചാൽ തന്നെ തുറന്നു വിടുമ്പോഴേക്കും റാന്നിയിൽ നിന്നുള്ള പമ്പിങ് നിലയ്ക്കും.
ടാങ്കിലെ വെള്ളം താഴ്ന്ന പ്രദേശങ്ങളിൽ മാത്രമേ കിട്ടുകയുള്ളൂ. ഉയർന്ന പ്രദേശത്തു കിട്ടണമെങ്കിൽ തുടർച്ചയായി പമ്പിങ് നടക്കണം. ശേഷി കുറഞ്ഞ മോട്ടറായതിനാൽ ഇത് സാധ്യമല്ല. ശേഷിയുള്ള മോട്ടർ നന്നാക്കി എല്ലാ ദിവസവും പമ്പ് ചെയ്താൽ മാത്രമേ പുതുശേരിമല, പാറയ്ക്കലേത്ത്പടി, തട്ടേക്കാട്, കരണ്ടകത്തുംപാറ, പർവതം, തലച്ചിറ, തെക്കുംമല, കണ്ണമ്പാറ, നെയ്ത്തടം, ഇഞ്ചപ്പാറ, ലക്ഷംവീട്,
ഇടക്കുളം, പള്ളിയ്ക്കമുരുപ്പ്, പേങ്ങാട്ട്കടവ്, ഇടത്തറ, വള്ളിയാനി, പുളിച്ചിമാന്തിടം, ഉതിമൂട്, തുണ്ടിമണ്ണിൽമല തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ വെള്ളം എത്തിക്കാനാകൂ. ആറ്റിൽ ജലവിതാനം കുറയുന്നതും പമ്പിങ്ങിനെ ബാധിക്കുന്നുണ്ട്. കിണറിനോടു ചേർന്ന ഭാഗത്ത് നീരൊഴുക്കു കുറവാണ്.
ജീവനക്കാരില്ലാതെ ജലഅതോറിറ്റി ഓഫിസുകൾ
വെള്ളത്തിന് ജനം ബുദ്ധിമുട്ടുമ്പോൾ ജല അതോറിറ്റി റാന്നി സബ് ഡിവിഷൻ, സെക്‌ഷൻ ഓഫിസുകളിൽ ജീവനക്കാരില്ലാത്ത അവസ്ഥ. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ 5നും അസിസ്റ്റന്റ് എൻജിനീയർ 9നും വിരമിച്ചു. പകരം നിയമനം നടത്തിയിട്ടില്ല.
എഎക്സ്ഇയുടെ ചുമതല ജല അതോറിറ്റി പത്തനംതിട്ട ഓഫിസിലെ ടെക്നിക്കൽ അസിസ്റ്റന്റിനും എഇയുടെ ചുമതല റാന്നി ഓഫിസിലെ ഡ്രാഫ്റ്റ്മാനുമാണ്. 3 ഓവർസീയർമാരുണ്ടെങ്കിലും വരൾച്ചക്കാലത്ത് നയപരമായ തീരുമാനങ്ങളൊന്നും എടുക്കാനാകില്ല.