കോഴിക്കൂടിനുള്ളിൽ കാട്ടുപൂച്ച ഗവി കാട്ടിൽ റിലീസായി; ഒരുമാസം കൊണ്ടു തിന്നത് 13 താറാവുകളേയും 3 കോഴികളെയും

Mail This Article
സീതത്തോട് ∙ കോഴിക്കൂടിനുള്ളിൽ കുടുങ്ങിയ കാട്ടുപൂച്ച ഇനിയുള്ള കാലം ഗവി കാടുകളിൽ സുഖമായി കഴിയും. കൂട്ടിൽ നിന്നു സുരക്ഷിതമായി പിടികൂടിയ കാട്ടുപൂച്ചയെ റാന്നി ദ്രുതകർമ സേനയുടെ നേതൃത്വത്തിൽ ഉൾവനത്തിൽ തുറന്നുവിട്ടു. ആറന്മുള കിഴക്കേചില്ലിയിൽ നാക്കാലിക്കൽ ബിജു കെ. ജോർജിന്റെ കോഴിക്കൂട്ടിലാണ് കാട്ടുപൂച്ച കുടുങ്ങിയത്. ഒരുമാസം കൊണ്ടു ബിജുവിന്റെ 13 താറാവുകളേയും 3 കോഴികളെയും കാട്ടുപൂച്ച തിന്നിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും ഇരപിടിക്കാനായി കൂടിനുള്ളിൽ കയറിയപ്പോഴാണ് കുടുങ്ങിയത്.
പെൺവർഗത്തിൽപെട്ട കാട്ടുപൂച്ചയ്ക്കു 8 കിലോയോളം ഭാരമുണ്ട്. ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട കാട്ടുപൂച്ച വംശനാശം നേരിടുന്നവയുടെ പട്ടികയിലാണുള്ളത്. ഏകദേശം പുലികുട്ടിയെപ്പോലെയാണ് രൂപവും ഭാവവും. മാർജാര വംശത്തിൽപെട്ട ഇനമാണ്. കാട്ടുമാക്കാൻ എന്ന പേരിലും അറിയപ്പെടാറുണ്ടെന്നു വനപാലകർ പറയുന്നു.ദ്രുതകർമ സേന സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ പി.കെ രമേശ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ഇ.എം നവാസ്, അരുൺരാജ്, സോളമൻ ജോർജ് എന്നിവരടങ്ങിയ വനപാലക സംഘമാണ് കാട്ടുപൂച്ചയെ കാട്ടിൽ തുറന്ന് വിട്ടത്.