സന്നിധാനത്തെ പുതിയ ദർശന രീതി നാളെ (14) മുതൽ നടപ്പാക്കും

Mail This Article
ശബരിമല ∙ സന്നിധാനത്ത് നാളെ മുതൽ നടപ്പാക്കുന്ന പുതിയ ദർശന രീതിയിൽ മുൻഗണന ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി കയറി വരുന്ന തീർഥാടകർക്ക്. മീനമാസ പൂജയ്ക്ക് നാളെ (14) വൈകിട്ട് 5ന് നട തുറക്കും. അപ്പോൾ മുതൽ തീർഥാടകരെ കടത്തിവിട്ട് പുതിയ ദർശന രീതി പരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇരുമുടിക്കെട്ട് ഇല്ലാതെ വരുന്നവർ നെയ്യഭിഷേകത്തിനു വരി നിൽക്കുന്നതിനു സമീപത്തു കൂടി മേൽപാലം കയറി പഴയ രീതിയിൽ സോപാനത്ത് എത്തി ദർശനം നടത്തണം. ഇതിനായി ആദ്യ രണ്ടു നിരയാണ് ഉദ്ദേശിക്കുന്നത്. പൂജകൾ വഴിപാടുകളും ഉള്ള സമയത്ത് ഒന്നാം നിരയിൽ വഴിപാടുകാർക്കാണു സ്ഥാനം. പതിനെട്ടാംപടി കയറി വരുന്നവരെ മാത്രം ബലിക്കൽപുര വഴി കടത്തി വിടാനാണു തീരുമാനം. ഇവർക്ക് കുറഞ്ഞത് 20 മുതൽ 25 സെക്കൻഡ് ദർശനം ലഭിക്കുന്ന വിധത്തിലാണ് പുതിയ ക്രമീകരണം.
പുതിയ ദർശന രീതി നടപ്പാക്കുന്നതിനുള്ള പ്ലാറ്റ്ഫോം, ബാരിക്കേഡ്, രണ്ട് വശത്തെ ക്യൂവിൽ ഉള്ളവരെ വേർതിരിക്കാനുള്ള കാണിക്ക വഞ്ചി എന്നിവയുടെ പണികൾ പൂർത്തിയാകുന്നു. പ്ലാറ്റ്ഫോം ഉറപ്പിക്കൽ, ബാരിക്കേഡുകൾ കൂട്ടി യോജിപ്പിക്കൽ തുടങ്ങിയ ജോലികൾ ഇന്ന് രാവിലെ പൂർത്തിയാകും.15 മുതൽ 19 വരെയാണ് മീനമാസ പൂജ. ദിവസവും ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം, 25 കലശം, അഷ്ടാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുണ്ടാകും. ഇതിനു പുറമേ 18ന് വൈകിട്ട് സഹസ്രകലശ പൂജയും 19ന് ഉച്ചയ്ക്ക് സഹസ്രകലശാഭിഷേകവും ഉണ്ട്. 19ന് രാത്രി 10ന് നട അടയ്ക്കും.