'വമ്പനൊരു ശബ്ദം കേട്ട് ജനം ഞെട്ടി'; ഉരുൾപൊട്ടൽ മോക്ഡ്രിൽ ജനത്തെ പരിഭ്രാന്തരാക്കി

Mail This Article
മൈലപ്ര ∙ രാവിലെ 10 മണിക്ക് ആയിരുന്നു വമ്പനൊരു ശബ്ദം കേട്ട് ജനം ഞെട്ടിയത്. മൈലപ്ര തിരുഹൃദയ കത്തോലിക്കാ പള്ളിക്കു പിൻവശം പുതിയമേലേതിൽപ്പടി ഭാഗത്തുനിന്നായിരുന്നു വലിയ മുഴക്കം കേട്ടത്. ഉടൻ തന്നെ പഞ്ചായത്ത് അംഗത്തെ വിവരമറിയിച്ചു. ജനം ഓടിക്കൂടി. ഓടിയെത്തിയ എട്ടാം വാർഡ് അംഗം സാജു മണിദാസ് വിവരം ഫയർ ഫോഴ്സിലേക്ക് വിളിച്ചു പറഞ്ഞു. അവിടെനിന്നു പറഞ്ഞതനുസരിച്ച് താലൂക്ക് ഓഫിസിലേക്കും വിളിച്ചു. ഇതിനിടെ സ്ഥലത്തെത്തിയ ഒന്നാം വാർഡ് മെംബർ പ്രതാപൻ പഞ്ചായത്ത് പ്രസിഡന്റിനെ വിളിച്ചു. ഏതാനും മിനിറ്റുകൾക്കകം അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തുന്നു. ആംബുലൻസുകൾ പാഞ്ഞെത്തി, വീടുകളിൽ കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് പാഞ്ഞു.
ഉരുൾപൊട്ടലുണ്ടായി എന്ന് ഇതിനകം നാട് മുഴുവൻ വാർത്ത പരന്നു. ആദ്യത്തെ അമ്പരപ്പൊന്നടങ്ങുമ്പോഴാണ് ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലുള്ള മോക്ക് ഡ്രിൽ ആണ് അരങ്ങേറുന്നതെന്നു വ്യക്തമായത്. തലേദിവസം തന്നെ പ്രദേശവാസികൾക്ക് അറിയിപ്പും രാവിലെ മൈക്ക് അനൗൺസ്മെന്റും നടത്തിയിരുന്നെങ്കിലും പരിഭ്രാന്തിക്കു കുറവൊന്നുമുണ്ടായില്ല. ഉരുൾപൊട്ടലുണ്ടായാൽ എത്ര വേഗം പ്രതികരിക്കാനാവും തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ഉറപ്പാക്കാനായിരുന്നു മോക്ക് ഡ്രിൽ.പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും മെംബർമാരുമുൾപ്പെടെ വലിയൊരു സംഘം സ്ഥലത്തെത്തിയിരുന്നു. പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് മൂന്ന് ആംബുലൻസുകളും ഒരുക്കി.
ഇടുങ്ങിയ വഴികളിലൂടെ എങ്ങനെ ആംബുലൻസ് ഉൾപ്പെടെ എത്തിക്കാനാവും എന്നും പരീക്ഷിച്ചറിഞ്ഞു. റോഡ് ബ്ലോക്ക് ചെയ്തത് ചില്ലറ ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും ജനം സഹകരിച്ചു. റീബിൽഡ് കേരള– പ്രോഗ്രാം ഫോർ റിസൽട്ട് പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാന–ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും കിലയും ചേർന്ന് മോക്ഡ്രിൽ നടത്തിയത്. ഉരുൾപൊട്ടലിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തി ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകുന്ന ദൗത്യം വിജയകരമായി പൂർത്തീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ രജനി ജോസഫ്, ടി.കെ.ജയിംസ്, എ.ബഷീർ, ജയശ്രീ മനോജ്, ഡിഎം ഡപ്യൂട്ടി കലക്ടർ ആർ.രാജലക്ഷ്മി, കോഴഞ്ചേരി തഹസിൽദാർ ടി.കെ. നൗഷാദ്, സബ് ഇൻസ്പെക്ടർ കെ.ആർ.രാജേഷ്കുമാർ, ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫിസർ ആർ.അഭിജിത്, ഡോ.ശരത് തോമസ് റോയ്, കില ജില്ലാ കോഓർഡിനേറ്റർ ഇ.നീരജ് എന്നിവർ പങ്കെടുത്തു.