അയ്യപ്പ സ്വാമിയുടെ തിടമ്പേറ്റാനുള്ള ഭാഗ്യവുമായി ‘വെളിനല്ലൂർ മണികണ്ഠൻ’ സന്നിധാനത്ത്

Mail This Article
ശബരിമല ∙ ഉത്സവത്തിന് അയ്യപ്പ സ്വാമിയുടെ തിടമ്പേറ്റാനുള്ള ഭാഗ്യവുമായി വെളിനല്ലൂർ മണികണ്ഠൻ ആന മലകയറി സന്നിധാനത്ത് എത്തി. ഇത് ആറാം തവണയാണ് മണികണ്ഠന് അയ്യപ്പന്റെ തിടമ്പേറ്റാൻ ഭാഗ്യം കിട്ടുന്നത്. ഭക്തിയുടെ ഇരുമുടിക്കെട്ടുമായാണു മലകയറിയത്. ആനയുടെ ശാന്ത സ്വഭാവമാണ് എല്ലാവരെയും ആകർഷിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വെളിനല്ലൂർ ശ്രീരാമ ക്ഷേത്രത്തിലെ കൊമ്പനാണ് മണികണ്ഠൻ.
ഇതിനു കേരളമാകെ ഫാൻസുണ്ട്. ആറാട്ടിനായി ശബരിമല ഉത്സവത്തിന്റെ ഭാഗമായുള്ള വിളക്ക് എഴുന്നള്ളിപ്പ്, പള്ളിവേട്ട, ആറാട്ട് എന്നിവയ്ക്ക് തിടമ്പേറ്റുന്നത് മണികണ്ഠനാണ്. ആനയെ എഴുന്നള്ളത്തിനുള്ള നിബന്ധനകൾ കർശനമാക്കിയതിനാൽ സന്നിധാനത്തു നിന്നു പമ്പ വരെ മലയിറങ്ങിയ ശേഷം ശരിയായ വിശ്രമം ഇല്ലാതെ ഉടനെ തിരിച്ചു മലകയറാൻ പറ്റില്ല. അതിനാൽ ആറാട്ടിനു ശേഷം പമ്പയിൽ നിന്നു സന്നിധാനത്തേക്കുള്ള എഴുന്നള്ളത്തിനു മറ്റൊരു ആനയെ എത്തിക്കാനുള്ള ശ്രമവും ദേവസ്വം ബോർഡ് നടത്തുന്നുണ്ട്.