ജനറൽ ആശുപത്രിക്ക് പുതിയ കെട്ടിടം; നിർമാണം ദ്രുതഗതിയിൽ

Mail This Article
അടൂർ∙ജനറൽ ആശുപത്രിയിൽ ബഹുനില മന്ദിരത്തിന്റെ നിർമാണം പുരോഗമിക്കുന്നു. നിർമാണം നടക്കുന്ന കെട്ടിടം ഓഗസ്റ്റിൽ തുറന്നു കൊടുക്കാൻ കഴിയുന്ന തരത്തിലാണ് പണികൾ പുരോഗമിക്കുന്നത്. കിഫ്ബി ഫണ്ടിൽ നിന്ന് അനുവദിച്ച 14.5 കോടി രൂപ ചെലവഴിച്ച് നാലുനിലക്കെട്ടിടമാണ് പണിതുയർത്തുന്നത്. ഈ മന്ദിരം തുറക്കുന്നതോടെ ജനറൽ ആശുപത്രി കൂടുതൽ സൗകര്യങ്ങൾ ഉള്ള പ്രധാന ആശുപത്രിയായി മാറും.പഴയ പേവാർഡ് കെട്ടിടവും മോർച്ചറിയും പൊളിച്ചു മാറ്റിയ സ്ഥലത്താണ് പുതിയ കെട്ടിടം ഉയരുന്നത്. നാലു നിലകളുടെയും കോൺക്രീറ്റിങ് പൂർത്തിയായി. ഭിത്തി കെട്ടുന്ന പണികൾ ദ്രുതഗതിയിൽ നടക്കുകയാണ്. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെയും മുൻ നഗരസഭാ അധ്യക്ഷൻ ഡി.സജിയുടെയും ശ്രമഫലമായിട്ടാണ് പുതിയ കെട്ടിടത്തിനു തുക അനുവദിച്ചത്.
ഏറ്റവും താഴത്തെ നിലയിൽ കാർ പാർക്കിങ്, യുപിഎസ് റൂം, ലിഫ്റ്റ് സൗകര്യം, ഫയർ കൺട്രോൾ റൂം, ഗ്രൗണ്ട് ഫ്ലോറിൽ രക്ത ശേഖരണ യൂണിറ്റ്, എക്സ്റേ, ഒന്നാം നിലയിൽ ദന്തചികിത്സ വിഭാഗം, ജ്യോതിസ് കൺസൽറ്റേഷൻ, ജ്യോതിസ് ലാബ്, ഫാമിലി പ്ലാനിങ് റൂം, മുലയൂട്ടാനുള്ള മുറി, കുട്ടികളുടെ പരിശോധനാ വിഭാഗം, രണ്ടാം നിലയിൽ, രക്തബാങ്ക് സൗകര്യം, മെഡിക്കൽ റിക്കോർഡറുകൾ സൂക്ഷിക്കാനുള്ള റൂം, മെഡിക്കൽ ഓഫിസർ റൂം തുടങ്ങിയവയാണ് ക്രമീകരിക്കുന്നത്.കെട്ടിടം പണി വേഗത്തിൽ തീർക്കുന്നതിനായി ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഓഗസ്റ്റിൽ തുറന്നു കൊടുക്കാൻ കഴിയുന്ന തരത്തിൽ പണി വേഗത്തിൽ പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയത്.