ADVERTISEMENT

പത്തനംതിട്ട ∙വ്യാജ രേഖകൾ ചമച്ച് ബന്ധുവിന്റെ സ്വത്ത് തട്ടിയെടുത്തയാളെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം പിടികൂടി. കുമ്പഴ കളിയിക്കാപ്പടി മണിയംകുറിച്ചി പുരയിടത്തിൽ ഷംനാദാണ് (49) അറസ്റ്റിലായത്. ബന്ധുവിന്റെ സ്വത്ത് തട്ടിയെടുക്കാൻ വ്യാജ വിവാഹ സർട്ടിഫിക്കറ്റ്, വിൽപത്രം, മുൻസിഫ്‌ കോടതി വിധി എന്നിവ തയാറാക്കി ഹൈക്കോടതിയിൽ സമർപ്പിക്കുകയായിരുന്നു പ്രതി.

വ്യാജ രേഖകളാണ് സമർപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയ ഹൈക്കോടതി ഇയാൾക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടിരുന്നു. 2022 ൽ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസാണ് പിന്നീട് ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിലെത്തിയത്. പ്രതിയുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് ഇയാൾ ഒളിവിൽ പോയി. രാത്രി വീട്ടിൽ എത്തുന്നുണ്ടെന്നറിഞ്ഞ് കഴിഞ്ഞ ദിവസം രാത്രി കുമ്പഴയിലെ വീടിനു സമീപം കാത്തിരുന്ന പൊലീസ് സംഘം 8 മണിയോടെ ബൈക്കിലെത്തിയ പ്രതിയെ വളഞ്ഞു പിടികൂടാൻ ശ്രമിച്ചു.

എന്നാൽ ഇയാൾ അടുക്കള വാതിലിലൂടെ കടന്നുകളഞ്ഞു. രാവിലെ കുമ്പഴയിലെ ഒരു കടയുടെ മുന്നിൽ ഇയാളുടെ ബൈക്ക് കണ്ടെത്തി. പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയെ തള്ളിയിട്ടശേഷം പ്രതി കടന്നെങ്കിലും പൊലീസ് സംഘം നാട്ടുകാരുടെ സഹായത്തോടെ ഇയാളെ കണ്ടെത്തുകയായിരുന്നു. പ്രതിയിൽനിന്ന് എട്ട് എടിഎം കാർഡുകൾ, കോടതികളുടെ വ്യാജ സീൽ പതിച്ച ഉത്തരവുകൾ, റജിസ്ട്രേഷൻ വകുപ്പിന്റെ വ്യാജ സീലുകൾ, വ്യാജ കരമടച്ച രസീതുകൾ, വ്യാജ വിൽപത്രം തുടങ്ങിയവ കണ്ടെടുത്തു.ജില്ലാ പൊലീസ് മേധാവി വി.ജി. വിനോദ് കുമാറിന്റെ നിർദേശപ്രകാരം ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.എ.വിദ്യാധരന്റെ നേതൃത്വത്തിൽ എസ്ഐ കെ.ആർ.അരുൺകുമാർ, എഎസ്ഐ സി.കെ.മനോജ്‌, മലയാലപ്പുഴ സ്റ്റേഷനിലെ എസ്‌സിപിഒ സുധീഷ്‌ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

English Summary:

Property fraud in Pathanamthitta led to the arrest of Shamnad, who forged documents to claim his relative's property. The High Court's discovery of the forgery triggered an investigation resulting in his capture after a brief chase

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com