അപകടക്കെണിയൊരുക്കി ദിശാബോർഡ്

Mail This Article
കോഴഞ്ചേരി ∙ തെക്കേമല ജംക്‌ഷന് സമീപം മരാമത്ത് സ്ഥാപിച്ച ദിശാബോർഡ് ദ്രവിച്ച നിലയിൽ. ബോർഡ് സ്ഥാപിക്കാൻ വച്ച കമ്പികൾ അപകടക്കെണിയാകുന്നു. പത്തനംതിട്ട ഭാഗത്ത് നിന്ന് വരുന്ന വാഹന യാത്രക്കാർക്ക് കാണുന്ന നിലയിൽ തെക്കേമല ജംക്‌ഷനിലെ ബാങ്കിന് സമീപം സ്ഥാപിച്ച ദിശ ബോർഡിന്റെ ഇരുമ്പ് കമ്പികളാണ് അപകടം ഉയർത്തി നിൽക്കുന്നത്. ബോർഡ് സ്ഥാപിച്ച തൂണിന്റെ ചുവട് വരെ റോഡ് വശം കോൺക്രീറ്റ് ചെയ്തതിനാൽ വാഹന യാത്രക്കാരുടെ കണ്ണ് വരെ നഷ്ടപ്പെടാൻ സാധ്യത ഏറെയാണ്.
നീളമുള്ള കമ്പികൾ റോഡിലേക്കാണു തള്ളി നിൽക്കുന്നത്. ഇരുവശങ്ങളിൽ നിന്ന് വരുന്ന ബസുകൾ സൈഡ് കൊടുത്ത് പോകുമ്പോൾ ഉള്ളിൽ ഇരിക്കുന്ന യാത്രക്കാർക്ക് ശരീരത്തിൽ മുറിവ് ഏൽക്കുന്ന സ്ഥിതിയാണ് ഉള്ളത്. ദിശ ബോർഡു സുരക്ഷിതമായ രീതിയിൽ സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഇത് സംബന്ധിച്ച് കോഴഞ്ചേരി പൗരാവലി പ്രസിഡന്റ് ജോജി കാവുംപടിക്കൽ മരാമത്ത് അധികൃതർക്ക് പരാതി നൽകി.