ഇഴഞ്ഞുനീങ്ങി പുതമൺ പാലം നിർമാണം: എന്ന് പൂർത്തിയാകും?

Mail This Article
കീക്കൊഴൂർ ∙ പുതമൺ പാലത്തിന്റെ നിർമാണമെന്നു പൂർത്തിയാകും? വ്യക്തമായ ഉറപ്പില്ലാത്ത സ്ഥിതി. വിരലിൽ എണ്ണാവുന്ന പണിക്കാർ മാത്രമാണ് പണിയിൽ ഏർപ്പെട്ടിരിക്കുന്നത്. റാന്നി–കോഴഞ്ചേരി ശബരിമല പാതയിലെ പാലമാണിത്. പഴയ പാലത്തിനു തകർച്ച നേരിട്ടതോടെയാണു പുതിയതു നിർമിക്കുന്നത്. തോട്ടിൽ ഒരു തൂണും ഇരുകരകളിലും ഓരോ അബട്മെന്റുകളുമാണ് പാലത്തിന്. അവയുടെ നിർമാണമാണു നടക്കുന്നത്. പണിക്കു വേഗമില്ല. ഇഴഞ്ഞാണു നീങ്ങുന്നതെന്നു പരാതിയുണ്ട്. ഇതിനു ശേഷം നിർമാണം ആരംഭിച്ച സീതത്തോട് പാലത്തിന്റെ പണി 100 ദിവസത്തിനുള്ളിൽ പൂർത്തിയായിട്ടും അതേ വലിപ്പമുള്ള പുതമൺ പാലത്തിന്റെ നിർമാണം നീളുകയാണ്.
പാലത്തോടു ചേർന്നു നിർമിച്ച താൽക്കാലിക റോഡിലൂടെയാണ് ഇപ്പോൾ വാഹനങ്ങൾ കടന്നു പോകുന്നത്. അതും തകർന്നു കിടക്കുകയാണ്. മഴ ശക്തിപ്പെട്ടാൽ റോഡിൽ വെള്ളം കയറും. പിന്നീട് ഗതാഗതം തടസ്സപ്പെടും. മധ്യ വേനലവധിക്കു ശേഷം സ്കൂളുകൾ തുറക്കും മുൻപ് പാലത്തിന്റെ പണി പൂർത്തിയാക്കിയില്ലെങ്കിൽ സ്കൂൾ ബസുകളുടെ ഓട്ടം ബുദ്ധിമുട്ടാകും. ജനപ്രതിനിധികളും പിഡബ്ല്യുഡി ഉദ്യോഗസ്ഥരും കരാറുകാരനും ചേർന്ന് പണി നിശ്ചിത സമയത്തിനകം തീർക്കുന്നതിന് സമയക്രമം നിശ്ചയിക്കുകയാണാവശ്യം.