വിഷുക്കണി ദർശനത്തിന് ഒരുങ്ങി അയ്യപ്പ സന്നിധാനം

Mail This Article
ശബരിമല ∙ ഐശ്വര്യ സമൃദ്ധിയ്ക്കും സൗഭാഗ്യത്തിനുമായി ഭക്തർ കാത്തിരിക്കുന്ന വിഷുക്കണി ദർശനം നാളെ. ഭക്തർക്കു കണികണ്ടു തൊഴുന്നതിനൊപ്പം ശ്രീകോവിലിൽ നിന്നു വിഷുക്കൈനീട്ടവും വാങ്ങാം. അയ്യപ്പ സന്നിധിയിൽ വിഷുക്കണി ദർശനത്തിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. കണിവെള്ളരിയും കൊന്നപ്പൂക്കളും പഴങ്ങളും ധാന്യങ്ങളും പുണ്യം ചാർത്തുന്ന വിഷുക്കണി വെട്ടത്തിലേക്കാണ് നാളെ പുലർച്ചെ 4ന് അയ്യപ്പസ്വാമിയുടെ തിരുനട തുറക്കുക. 4 മുതൽ 7 വരെയാണു വിഷുക്കണി ദർശനം. ഇന്ന് അത്താഴ പൂജയ്ക്കു ശേഷം മേൽശാന്തി, കീഴ്ശാന്തി, പരികർമികൾ എന്നിവർ ചേർന്നു ശ്രീകോവിലിൽ വിഷുക്കണി ഒരുക്കും.
ഓട്ടുരുളിയിൽ പകുതിയോളം ഉണക്കലരി നെല്ലും ചേർത്തു നിറയ്ക്കും. അതിൽ ഒരു മുറി നാളികേരം, താലങ്ങളിൽ കണിവെള്ളരി, ചക്ക, മാങ്ങ, നാളികേരം, അഷ്ടമംഗലം, അലക്കിയ വസ്ത്രം, വാൽക്കണ്ണാടി, സ്വർണം, വെള്ളി നാണയങ്ങൾ തുടങ്ങിയവയും വെള്ളിപ്പാത്രത്തിൽ നിറയെ നാണയങ്ങളും വച്ചു കണി ഒരുക്കിയ ശേഷമാണ് രാത്രി ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്നത്. പുലർച്ചെ നട തുറന്നു ശ്രീകോവിലിലെ ദീപങ്ങൾ തെളിയിച്ച് ആദ്യം ശബരീശനെ കണി കാണിക്കും. അതിനു ശേഷമാണ് ഭക്തർക്ക് വിഷുക്കണി ദർശനത്തിനുള്ള അവസരം. തന്ത്രി കണ്ഠര് രാജീവര്, തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തി അരുൺ കുമാർ നമ്പൂതിരി എന്നിവർ തീർഥാടകർക്ക് വിഷുകൈനീട്ടവും നൽകും. ദർശനത്തിനായി ഇന്ന് മലകയറി എത്തുന്നവർ വിഷുക്കണി ദർശനത്തിനു ശേഷമാണ് മടങ്ങുക.
തിരക്കു നിയന്ത്രണത്തിനു വിപുലമായ പൊലീസ് ക്രമീകരണമാണ് ഒരുക്കുന്നത്. പൊലീസ് ആസ്ഥാനത്ത് സുരക്ഷാ ചുമതലയുള്ള എസ്പി വി.അജിത്ത് സന്നിധാനം പൊലീസ് സ്പെഷൽ ഓഫിസറായി ചുമതലയേറ്റു. തിരക്ക് നിയന്ത്രണത്തിനായി കൂടുതൽ പൊലീസും എത്തുന്നുണ്ട്. കെഎസ്ആർടിസി എല്ലാ ഡിപ്പോയിൽ നിന്നും പമ്പയ്ക്ക് സ്പെഷൽ സർവീസ് ക്രമീകരിച്ചിട്ടുണ്ട്. പമ്പ ഡിപ്പോയ്ക്ക് 84 ബസ് അനുവദിച്ചിട്ടുണ്ട്.
ശബരിമല ഇന്ന്
നടതുറക്കൽ – 5.00
അഭിഷേകം – 5.30 മുതൽ 10.30 വരെ
കളഭാഭിഷേകം – 12.00
ഉച്ചപൂജ – 12.30
നട അടയ്ക്കൽ – 1.00
വൈകിട്ട്
നടതുറക്കൽ – 4.00
പുഷ്പാഭിഷേകം – 7.00
ഹരിവരാസനം – 09.50
നട അടയ്ക്കൽ – 10.00