നഷ്ടപരിഹാരം ലഭിക്കാത്തതിൽ പ്രതിഷേധം; കക്കാട് സബ്സ്റ്റേഷൻ ടവർനിർമാണം തടഞ്ഞു

Mail This Article
തണണിത്തോട്∙നഷ്ടപരിഹാരം നൽകാത്തതിൽ പ്രതിഷേധിച്ച സ്ഥലം ഉടമകൾ, കക്കാട് ഗ്യാസ് അധിഷ്ഠിത സബ് സ്റ്റേഷനുമായി ബന്ധപ്പെട്ട ടവർ നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞു.നഷ്ടപരിഹാരം ലഭിക്കാതെ സ്ഥലത്ത് ആരെയും കയറാൻ അനുവദിക്കില്ലെന്നും സ്ഥലം ഉടമകൾ പ്രതിഷേധിച്ചതിനെ തുടർന്നു ജോലികൾ അവസാനിപ്പിച്ചു കരാറുകാർ മടങ്ങി. ശബരിഗിരി പദ്ധതിയിൽ നിന്നുള്ള 220 കെവി ലൈനുമായി ബന്ധിച്ചു കമ്പിലൈൻ ഭാഗത്തു നിന്നു പുതിയതായി വലിക്കുന്ന ഹൈ ടെഷൻ ലൈൻ പോകുന്ന ടവറുകൾ സ്ഥാപിക്കുന്ന സ്ഥലം ഉടമകൾക്കാണ് വൈദ്യുതി ബോർഡ് നഷ്ടപരിഹാരം നൽകാനുള്ളത്. നിർമാണം പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് രണ്ടു വർഷം പിന്നിട്ടു. ഇനി രണ്ടു ടവറുകളുടെ നിർമാണം കൂടി പൂർത്തിയായാൽ ലൈൻ വലിച്ചു തുടങ്ങാം.
സബ് സ്റ്റേഷനുമായി ബന്ധപ്പെട്ട ജോലികൾ ഇത്രയും വേഗത്തിൽ പിന്നിട്ടും നഷ്ടപരിഹാരം നൽകാത്തതു ബോധപൂർവമാണെന്ന നിലപാടിലാണു സ്ഥലം ഉടമകൾ. ഇന്നലെ പതിവു പോലെ കൊച്ചുകോയിക്കൽ വെള്ളിയമ്പിൽ ഗോപിയുടെ സ്ഥലത്തു ടവർ നിർമാണത്തിനു കരാറുകാരുടെ നേതൃത്വത്തിൽ എത്തിയ ആറു തൊഴിലാളികളെയാണു സ്ഥലം ഉടമകൾ തടഞ്ഞത്. മുൻപും പല തവണ കരാറുകാരെ തടഞ്ഞിട്ടുണ്ടെങ്കിലും ഓരോ ധാരണകളുടെ പേരിൽ തുടർ ജോലികൾ ചെയ്യാൻ സമ്മതിക്കുകയായിരുന്നു. കലക്ടർ, എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ഇവരുടെയെല്ലാം സാന്നിധ്യത്തിൽ പല തവണ ചർച്ചകൾ നടന്നെങ്കിലും നഷ്ട പരിഹാരം മാത്രം നൽകാൻ ബോർഡ് തയാറാകുന്നില്ല. ഉടൻ നഷ്ടപരിഹാരം നൽകുമെന്ന ഉറപ്പിലാണ് ഓരോ ചർച്ചകളും അവസാനിച്ചിരുന്നത്.
ടവർ നിർമാണം പൂർത്തിയാക്കി ലൈൻ വലിച്ചു കഴിഞ്ഞാലുടൻ വൈദ്യുതി പ്രവഹിച്ചു തുടങ്ങും.അതു വരെ കാത്തിരിക്കാൻ കഴിയില്ലെന്നും എന്തെങ്കിലും ജോലികൾ ഇനി ചെയ്യണമെങ്കിൽ പ്രശ്നങ്ങൾ പരിഹരിച്ചു നഷ്ടപരിഹാരം നൽകണമെന്നുമാണു സ്ഥലം ഉടമകളുടെ ആവശ്യം. ടാപ്പിങ് ആരംഭിച്ച 150 മൂട് റബർ വരെ നഷ്ടപ്പെടുന്ന സ്ഥലം ഉടമകൾ വരെ ഉണ്ട്. പുതിയ ലൈൻ വന്നതോടെ പല കുടുംബങ്ങളുടെയും വരുമാനങ്ങൾ നിലച്ച അവസ്ഥയിലാണ്.ടവറിന്റെ നിർമാണത്തിലും വ്യാപകമായ ആശങ്കയാണ് ഉയർന്നിരിക്കുന്നത്. ഒരു മാനദണ്ഡവും പാലിക്കാതെ വലിയ കരിങ്കല്ലുകൾ പൊട്ടിച്ചു മാറ്റിയാണു നിർമാണങ്ങൾ നടക്കുന്നതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.