അഗസ്ത്യമലാന: അഗസ്ത്യാർകൂടം മലയിൽനിന്ന് പുതിയ സസ്യം; ചുവന്ന പൂക്കളോടുകൂടിയ വള്ളിച്ചെടി

Mail This Article
പത്തനംതിട്ട ∙ തിരുവനന്തപുരത്തെ അഗസ്ത്യാർകൂടം മലനിരകളിൽനിന്നൊരു പുതിയ സസ്യയിനം കൂടി, പേര് സ്‌മൈലാക്സ് അഗസ്ത്യമലാന. സ്‌മൈലാക്കേസിയേ കുടുംബത്തിൽപെട്ട സ്‌മൈലാക്സ് അഗസ്ത്യമലാന ചുവന്ന പൂക്കളോടുകൂടിയ വള്ളിച്ചെടിയാണ്. സമുദ്രനിരപ്പിൽനിന്ന് 1450 മീറ്റർ ഉയരത്തിൽ പുൽമേടുകൾക്കിടയിൽ കാണപ്പെടുന്ന ചോലവനങ്ങളാണ് ഇവയുടെ ആവാസവ്യവസ്ഥ.
പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ സസ്യശാസ്ത്ര ഗവേഷണ വിദ്യാർഥിനിയായ നീതു ഉത്തമൻ, അധ്യാപകരായ ഡോ.വി.പിതോമസ്, ഡോ. ബിനോയ് ടി.തോമസ്, തുരുത്തിക്കാട് ബിഷപ് ഏബ്രഹാം മെമ്മോറിയൽ കോളജിലെ സസ്യശാസ്ത്ര അധ്യാപകൻ ഡോ. എ.ജെ.റോബി എന്നിവരടങ്ങിയ ഗവേഷക സംഘമാണ് അഗസ്ത്യമലയിൽനിന്ന് പുതിയ സസ്യം കണ്ടെത്തിയത്.
സ്‌മൈലാക്സ് അഗസ്ത്യമലാനയെക്കുറിച്ച് നെതർലൻഡ്സിലെ സസ്യവർഗീകരണ ശാസ്ത്ര ജേണലായ നോർഡിക് ജേണൽ ഓഫ് ബോട്ടണിയിൽപ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്‌മൈലാക്സ് ജനുസിൽപെടുന്ന മറ്റു ഇനങ്ങളിൽനിന്ന് വ്യത്യസ്തമായി പുതിയ സസ്യത്തിന് ആകർഷകമായ ചുവന്ന പൂക്കളും അണ്ഡാകൃതിയിലുള്ള ഫലങ്ങളും ആണ് ഉള്ളത്.