കണിയൊരുക്കി സന്നിധാനം; കണ്ടുനിറയാൻ തീർഥാടകർ: വിഷുക്കൈനീട്ടവുമായി തന്ത്രിയും മേൽശാന്തിയും

Mail This Article
ശബരിമല ∙ ശ്രീലകത്ത് നിലവിളക്കിന്റെ വെളിച്ചത്തിൽ അയ്യപ്പസ്വാമിക്കൊപ്പം കണിക്കൊന്നപ്പൂക്കളും ധനവും ധാന്യങ്ങളും ഫലങ്ങളുമായി വിഷുക്കണിയൊരുക്കി സന്നിധാനം. ഇന്നു പുലർച്ചെ 4നാണ് വിഷുക്കണി ദർശനം. മേൽശാന്തിയും പരികർമികളും ചേർന്നു ശ്രീലകത്ത് വിഷുക്കണി ഒരുക്കിയാണ് ഇന്നലെ രാത്രി നട അടച്ചത്.ഉണക്കലരിയിൽ നെല്ലും ചേർത്തു നിറച്ച ഓട്ടുരുളിയിൽ നാളികേരം, താലങ്ങളിൽ പഴവർഗങ്ങൾ, കണിവെള്ളരി, ചക്ക, മാങ്ങ, നാളികേരം, അഷ്ടമംഗലം, അലക്കിയ വസ്ത്രം, വാൽക്കണ്ണാടി, സ്വർണം തുടങ്ങിയവയും വെള്ളിപ്പാത്രം നിറയെ നാണയങ്ങളും വച്ചാണ് കണി ഒരുക്കിയത്.
നട തുറന്ന് ശ്രീകോവിലിലെ ദീപങ്ങൾ തെളിച്ച് അയ്യപ്പ സ്വാമിയെ കണി കാണിച്ച ശേഷമാണ് ഭക്തർക്ക് വിഷുക്കണി ദർശനം. തന്ത്രി കണ്ഠര് രാജീവര്, തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തി അരുൺ കുമാർ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലാണ് വിഷുക്കണി ദർശനം. തന്ത്രിയും മേൽശാന്തിയും തീർഥാടകർക്ക് വിഷുക്കൈനീട്ടവും നൽകും. തീർഥാടകർക്ക് ശ്രീകോവിലിൽനിന്നു വിഷുക്കൈനീട്ടവും ലഭിക്കും.
തീർഥാടകരുടെ നല്ല തിരക്കാണ് സന്നിധാനം, പമ്പ, ശരണവഴികൾ എന്നിവിടങ്ങളിൽ. എസ്പി വി.അജിത്തിന്റെ നേതൃത്വത്തിൽ തിരക്കു നിയന്ത്രണത്തിനായി പൊലീസ് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗം എ.അജികുമാർ, സ്പെഷൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ, എക്സിക്യൂട്ടീവ് ഓഫിസർ ബി.മുരാരി ബാബു , ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ബിജു.വി.നാഥ് എന്നിവരുടെ മേൽനോട്ടത്തിലാണ് വിഷു ഒരുക്കങ്ങൾ നടക്കുന്നത്.