കടമ്മനിട്ട പടയണിക്ക് ഭക്തിനിർഭരമായ തുടക്കം

Mail This Article
കടമ്മനിട്ട ∙ ഓലച്ചൂട്ടിൽ അഗ്നി പകർന്ന്, പച്ചതപ്പിൽ നാദമുണർത്തി, കാവിലമ്മയെ കളത്തിലേക്കു കൊട്ടി വിളിച്ചിറക്കി കടമ്മനിട്ട പടയണിക്കു ഭക്തിനിർഭരമായ തുടക്കം. ഇനിയുള്ള ദിവസങ്ങളിൽ കര ദേവതയുടെ മുൻപിൽ കോലങ്ങൾ കളം നിറഞ്ഞാടും. ഭാവതീവ്രമായ രംഗങ്ങൾ കാണാനും രൗദ്ര സങ്കീർത്തനങ്ങൾ കേൾക്കാനും രാവിനെ പകലാക്കി ഒരു ഗ്രാമം മുഴുവൻ കടമ്മനിട്ട കാവിന്റെ മുറ്റത്തു മിഴി തുറന്നു കാത്തിരിക്കും.
ചൂട്ടുവയ്പ് ചടങ്ങിനാവശ്യമായ ചൂട്ട്, നാളികേരം, അക്ഷതം എന്നിവ പാരമ്പര്യ അവകാശികളായ ഐക്കാട്ട് കുടുംബക്കാർ ഭക്തിപൂർവം കാവിലെത്തിച്ചു. രാത്രി ഏഴര നാഴിക ഇരുട്ടിയ ശേഷം ക്ഷേത്ര മേൽശാന്തി ബി.കെ.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ശ്രീകോവിലിൽ നിന്നും ചൂട്ടു കറ്റയിലേക്ക് അഗ്നി പകർന്നു ബലിക്കൽപുര വരെ എത്തിച്ചു. പടയണി ആശാൻ കടമ്മനിട്ട പ്രസന്നകുമാർ അത് ഏറ്റുവാങ്ങി പിന്നോട്ടിറങ്ങി പടയണി കളത്തിൽ വച്ചു. ‘‘കാളും തീ എരിന്ത കണ്ണിൽ കാലകാലൻ പെറ്റെടുത്ത കാളിക്കു മുൻപിൽ ചൂട്ടുവെട്ടം തെളിഞ്ഞു–’’ എന്നാണു കരക്കാരുടെ ചൊല്ല്.
ചൂട്ടുവയ്പ്പിനു ശേഷം പടയണി ആശാൻ കടമ്മനിട്ട രഘുകുമാർ പച്ചത്തപ്പു കൊട്ടി ഭഗവതിയെ കളത്തിലേക്കു വിളിച്ചിറക്കുന്ന ചടങ്ങ് നടത്തി. ഐക്കാട്ട് കുടുംബ കാർണവർ രാധാകൃഷ്ണ കുറുപ്പ് തേങ്ങ മുറിച്ച് അതിൽ തുളസിപ്പൂവും അക്ഷതവും ഇട്ടു. മേൽശാന്തി രാശി നോക്കി. 10 നാൾ നീണ്ടുനിൽക്കുന്ന പടയണി ഉത്സവത്തിന്റെ ഫലം പറഞ്ഞു .തുളസിപ്പൂവ് നാളികേരത്തിൽ നിന്നു മീനം രാശിയിലേക്ക് അടുത്തു കണ്ടതിനാൽ ശുഭ ലക്ഷണമെന്നു മേൽശാന്തി കരക്കാരെ അറിയിച്ചു. രണ്ടാം ദിവസമായ ഇന്നലെയും പച്ചത്തപ്പ് കൊട്ടി ഭഗവതിയെ കളത്തിലേക്കു വിളിച്ചിറക്കുന്ന ചടങ്ങ് നടന്നു.
ദാരിക നിഗ്രഹം കഴിഞ്ഞ് അങ്കക്കലി പൂണ്ട് രക്തദാഹിയായ കാളിയുടെ കോപം അടക്കാൻ ശിവനും ഭൂതഗണങ്ങളും ചേർന്ന് കോലം കെട്ടി തുള്ളി ശാന്തയാക്കി എന്നതാണു പടയണിയുടെ സങ്കൽപം. മൂന്നാം ദിവസമായ ഇന്ന് പച്ചത്തപ്പിൽ നിന്നും കാച്ചി മുറുക്കിയ തപ്പിലേക്കും പഞ്ചവർണത്തിലേക്കും മാറി പാളക്കോലങ്ങൾ എഴുതി തുള്ളൽ തുടങ്ങും. രാത്രി 11 മുതലാണ് പടയണി. കാലദോഷമകറ്റാൻ കോലങ്ങൾ കളത്തിൽ ഉറഞ്ഞുതുള്ളും. ഗണപതി, മറുത, കാലൻ, സുന്ദരയക്ഷി, ഭൈരവി, കാഞ്ഞിരമാല എന്നീ കോലങ്ങളാണ് ഇന്ന് കളത്തിലെത്തുക.
19ന് അടവിയും 20ന് ഇടപ്പടയണിയും നടക്കും. എല്ലാ കോലങ്ങളും കളം നിറഞ്ഞാടുന്ന വല്യപടയണി 21നാണ്. അന്നു നേരം പുലരും വരെയാണ് കോലം തുള്ളൽ. 22ന് പള്ളിയുറക്കം. പത്താമുദയ ദിനമായ 23ന് പകൽ പടയണിക്കു ശേഷമാണു ദേവിയെ കൊട്ടിക്കയറ്റുക. ഇതോടെ മധ്യതിരുവിതാംകൂറിലെ പടയണി കാലം സമാപിക്കും.