വളർത്തുനായയെ കല്ലെറിഞ്ഞതിനെ ചൊല്ലി തർക്കം; ബന്ധുവിന്റെ കുത്തേറ്റു യുവാവ് മരിച്ചു

Mail This Article
തിരുവല്ല ∙ വളർത്തുനായയെ കല്ലെറിഞ്ഞതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഇടപെട്ട യുവാവിനെ ബന്ധു കുത്തിക്കൊലപ്പെടുത്തി. ഈസ്റ്റ് ഓതറ തൈക്കാട്ടിൽ വീട്ടിൽ മനോജ് (34) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഈസ്റ്റ് ഓതറ തൈക്കാട്ടിൽ വീട്ടിൽ ടി.കെ.രാജനെ (56) റിമാൻഡ് ചെയ്തു. മനോജിനൊപ്പമുണ്ടായിരുന്ന രതീഷിനും കുത്തേറ്റു. തിരുവല്ല ഈസ്റ്റ് ഓതറയിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
രതീഷിന്റെ വളർത്തുനായയെ ഞായറാഴ്ച രാത്രി രാജന്റെ സഹോദരനായ സോമൻ കല്ലെറിഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിൽ രതീഷിന്റെ ബന്ധുവായ മനോജ് ഇടപെട്ടു. തർക്കത്തിനിടെ രതീഷിനെ രാജന്റെ മകൻ അഖിൽ മർദിച്ചു. രാത്രി 10.30ന് രതീഷും മനോജും അഖിലിനെ തേടി വീട്ടിലെത്തിയെങ്കിലും കാണാനായില്ല. തുടർന്ന് ഇവരും രാജനുമായി വാക്കേറ്റമുണ്ടായി. ഇതിനിടെ രാജൻ കത്തി ഉപയോഗിച്ച് മനോജിനെ കുത്തുകയായിരുന്നു.
തടയാൻ ശ്രമിച്ച രതീഷിന്റെ വയറ്റിലും കുത്തേറ്റെന്ന് പൊലീസ് പറഞ്ഞു. നെഞ്ചിലും വയറിലും കുത്തേറ്റ മനോജിനെ ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജന്റെ തലയ്ക്കു പരുക്കേറ്റു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് രാജനും മനോജും തമ്മിൽ മുൻവൈരാഗ്യമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട മനോജിന്റെ മകനെ രാജൻ തന്റെ എടിഎം കാർഡ് ഏൽപിച്ചിരുന്നു. രാജന്റെ ഭാര്യയുടെ അക്കൗണ്ടിൽ ലൈഫ് പദ്ധതിയുടെ ഭാഗമായി ലഭിച്ച തുക മനോജിന്റെ മകൻ ഈ എടിഎം ഉപയോഗിച്ച് പിൻവലിച്ചിരുന്നു.
ഒരു ലക്ഷത്തിലേറെ രൂപ കുറവു വന്നതിനെ തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകിയിരുന്നു. ഒത്തുതീർപ്പിന്റെ ഭാഗമായി കഴിഞ്ഞ മേയ് മാസം 30,000 രൂപ മടക്കി നൽകിയെങ്കിലും ബാക്കി തുക നൽകാത്തതിനാൽ ഇടയ്ക്ക് പ്രശ്നങ്ങളുണ്ടായിരുന്നു.മനോജിന്റെ സംസ്കാരം നടത്തി. മനോജിനു ഭാര്യയും 2 മക്കളുമുണ്ട്. തിരുവല്ല ഡിവൈഎസ്പി എസ്.അഷാദിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. ഇൻസ്പെക്ടർ എസ്.സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എസ്ഐ ഉണ്ണിക്കൃഷ്ണൻ, എഎസ്ഐ ജയകുമാർ, എസ്‌സിപിഒ പുഷ്പദാസ് എന്നിവരാണ് ഉള്ളത്.