കരുതലാകാം കരുത്തോടെ പദ്ധതിക്ക് തുടക്കം
Mail This Article
പത്തനംതിട്ട∙ കൗമാരം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ ‘കരുതലാകാം കരുത്തോടെ’ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. ലഹരി വസ്തുക്കളുടെ അമിത ഉപയോഗം, അക്രമവാസന എന്നിവയെ നേരിടാൻ രക്ഷകർതൃ ശാക്തീകരണത്തിൽ അധിഷ്ഠിതമായ സമഗ്ര കർമ പരിപാടിയാണ് ആവിഷ്കരിച്ചു നടപ്പാക്കുന്നത്. ഉത്തരവാദിത്തബോധമുള്ള സമൂഹത്തെ രൂപപ്പെടുത്തുകയും പുതിയ കാലത്തിന്റെ മാറ്റങ്ങൾ അഭിമുഖീകരിക്കാൻ അധ്യാപകരെയും രക്ഷിതാക്കളെയും ശക്തരാക്കുകയുമാണ് ലക്ഷ്യം.
ശക്തമായ ശ്രദ്ധയിലൂന്നിയ രക്ഷാകർതൃത്വം ലഭ്യമായാൽ ലഹരി ദുരുപയോഗത്തിലേക്കും ലൈംഗിക ചൂഷണത്തിലേക്കും സാമൂഹിക വിരുദ്ധതയിലേക്കും കുട്ടികൾ എത്തുന്നത് തടയാനാകുമെന്നു നിരവധി പഠനങ്ങൾ തെളിയിക്കുന്ന സാഹചര്യത്തിലാണ് രക്ഷാകർതൃ ശാക്തീകരണത്തിനായി പദ്ധതി നടപ്പാക്കുന്നതെന്ന് ജില്ലാപഞ്ചായത്ത് അധികൃതർ പറഞ്ഞു.
രക്ഷാകർതൃ പരിശീലനം
ആദ്യഘട്ടമായി ജില്ലയിലെ ഹൈസ്കൂൾ രക്ഷിതാക്കളെ ഉൾപ്പെടുത്തി വിപുലമായ അവബോധ പ്രവർത്തനങ്ങളും രക്ഷാകർതൃ പരിശീലനവും സംഘടിപ്പിക്കും. പ്രാരംഭ നടപടിയായി ജില്ലയിലെ ഹൈസ്കൂൾ പ്രഥമധ്യാപകരുടെയും പിടിഎ പ്രതിനിധികളുടെയും യോഗം നടത്തും. തുടർന്ന് ഓരോ സ്കൂളിലെയും ഒരു അധ്യാപകന് രക്ഷാകർതൃ ബോധവൽക്കരണ പരിശീലനം നൽകും. അവധിക്കാലത്തു തന്നെ പ്രാരംഭ പരിശീലനങ്ങൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ പ്രാഥമിക ആലോചനകൾക്കായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാമിന്റെ അധ്യക്ഷതയിൽ ജില്ലയിലെ അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം ചേർന്നു.
വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ആർ.അജയകുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സാറ തോമസ്, ജിജോ മോഡി, വിദ്യാഭ്യാസ ഉപഡയറക്ടർ ബി.ആർ.അനില, ജില്ലാപഞ്ചായത്ത് സെക്രട്ടറി എസ്.ഷെർല ബീഗം,എസ്‌സിഇആർടി റിസർച് ഓഫിസർ രാജേഷ് എസ്.വള്ളിക്കോട്, വിദ്യാകിരണം ജില്ലാ കോഓർഡിനേറ്റർ എ.കെ.പ്രകാശ്, ഡോ അജിത്ത് ആർ. പിള്ള, ഡോ. ലെജു പി.തോമസ്, പ്രീത് ജി.ജോർജ്, സംഘടനാ പ്രതിനിധികളായ ദീപ വിശ്വനാഥ്, റജി മലയാലപ്പുഴ, മനോജ് ബി.നായർ, കിഷോർ ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.