അടൂർ റവന്യു ടവറിലെ ലിഫ്റ്റ് പണിമുടക്കി; 15 മിനിറ്റോളം ഉള്ളിൽ കുടുങ്ങി 3 പേർ
Mail This Article
അടൂർ ∙ റവന്യു ടവറിലെ ലിഫ്റ്റിൽ ഏഴംകുളം പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഉൾപ്പെടെ 3 പേർ 15 മിനിറ്റോളം കുടുങ്ങി. ലിഫ്റ്റ് ഓപ്പറേറ്ററെത്തി തകരാർ പരിഹരിച്ചതോടെയാണ് ഇവരെ ലിഫ്റ്റിൽനിന്ന് ഇറക്കാനായത്. ഇന്നലെ 12നാണ് ഏഴംകുളം പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ.താജുദ്ദീൻ ഉൾപ്പെടെ 3 പേർ ലിഫ്റ്റിൽ കുടുങ്ങിയത്. റവന്യു ടവറിലെ 5–ാം നിലയിൽ പട്ടയവിതരണവുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കാനാണ് കിഴക്കു ഭാഗത്തെ ലിഫ്റ്റിൽ താജുദ്ദീൻ കയറിയത്.
ലിഫ്റ്റ് 3–ാം നില പിന്നിട്ടപ്പോൾ പ്രവർത്തനം നിലച്ചു. വൈദ്യുതിയും നിലച്ചതോടെ ലിഫ്റ്റിൽ കുടുങ്ങിയ താജുദ്ദീൻ ഉൾപ്പെടെയുള്ളവർ പരിഭ്രാന്തിയിലായി. പിന്നീട് ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറുമായി ബന്ധപ്പെട്ടു. വിവരമറിഞ്ഞ് ലിഫ്റ്റ് ഓപ്പറേറ്ററെത്തി തകരാർ പരിഹരിക്കുകയായിരുന്നു. 15 മിനിറ്റോളം ലിഫ്റ്റിൽ കുടുങ്ങിയതായും ആകെ ഭീതിയിലായതായും താജുദ്ദീൻ പറഞ്ഞു. ഈ ലിഫ്റ്റ് മിക്കപ്പോഴും പ്രവർത്തനരഹിതമാകുമെന്ന് പറയുന്നു.