ADVERTISEMENT

സീതത്തോട് ∙ ആങ്ങമൂഴി– ഗവി റോഡിന്റെ മിക്ക ഭാഗവും കുണ്ടും കുഴിയും. റോഡിലേക്കു വളർന്ന് നിൽക്കുന്ന ഈറ്റകൾ വാഹനയാത്രക്കാർക്കു ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. നടപടികൾ സ്വീകരിക്കാതെ മരാമത്ത് വകുപ്പ്. സംസ്ഥാനത്തെ പ്രധാന ടൂറിസം മേഖലയായ ഗവിയിലേക്കുള്ള റോഡ് രണ്ട് വർഷം മുൻപാണ് കോടികൾ വിനിയോഗിച്ച് വിവിധ കരാറുകാരുടെ നേതൃത്വത്തിൽ ടാറിങ് ചെയ്തത്. ഇവയെല്ലാം നിശ്ചിത കാലാവധി തികയും മുൻപേ കുണ്ടും കുഴിയുമായി. ആങ്ങമൂഴി കിളിയെറിഞ്ഞാൻകല്ല് ഫോറസ്റ്റ് ചെക്ക് പോസ്റ്റ് മുതൽ മൂഴിയാർ 40 ഏക്കർ വരെയുള്ള 20 കിലോമീറ്ററിനുള്ളിൽ 25ൽ അധികം വലിയ കുഴികളാണുള്ളത്.

കരാർ കാലാവധി പ്രകാരം ഈ കുഴികൾ എല്ലാം അടച്ച് സഞ്ചാരയോഗ്യമാക്കേണ്ട ചുമതല കരാറുകാർക്കാണുള്ളത്. റോഡിന്റെ ശോച്യാവസ്ഥ പലതവണ മരാമത്ത് വിഭാഗം അധികൃതരെ സ്ഥലവാസികൾ അടക്കം അറിയിച്ചിരുന്നെങ്കിലും കുഴികൾ അടച്ച് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടികൾ നീളുകയാണ്. നിലവിലുള്ള കുഴികളിൽ ഇറങ്ങുമ്പോൾ വാഹനങ്ങളുടെ അടി ഭാഗം ഇടിച്ച് കേടുപാടുകൾ സംഭവിക്കുന്നത് പതിവാണ്. ഗവിയിലേക്കു എത്തുന്ന സഞ്ചാരികളിൽ ഏറെയും ചെറിയ വാഹനങ്ങളാണ് ഉപയോഗിക്കുന്നത്.

സഞ്ചാരികളെ കൂടാതെ പൊലീസ്, വനം, കെഎസ്ഇബി തുടങ്ങിയ വകുപ്പുകളിലെ വാഹനങ്ങൾ അടക്കം ദിവസവും 50 അധികം ചെറിയ വാഹനങ്ങളും ഇതുവഴി പോകുന്നുണ്ട്. കെഎസ്ആർടിസിയുടെ 3 സ്ഥിരം സർവീസുകളും 5ൽ കുറയാതെ ഉല്ലാസ സംഘങ്ങളുടെ ബസുകളും ഈ റൂട്ടിലെ പതിവ് യാത്രക്കാരാണ്. റോഡിലേക്കു വളർന്ന് നിൽക്കുന്ന ഈറ്റകൾ കാരണം വാഹനം ഓടിക്കുവാൻ ഏറെ ബുദ്ധിമുട്ടായിരിക്കുകയാണന്നാണ് ഡ്രൈവർമാർ പറയുന്നത്. പല സ്ഥലത്ത് ഈറ്റകൾ റോഡിലേക്കു ഒടിഞ്ഞ് കിടപ്പുണ്ട്.

അടുത്ത സമയം ഇതുവഴി സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ദേഹത്ത് ഈറ്റ കൊണ്ടു ഗുരുതരമായി പരുക്കേറ്റിരുന്നു.മൂഴിയാർ മേഖലയിൽ ജോലി ചെയ്യുന്ന ഡ്രൈവർമാരുടെ നേതൃത്വത്തിൽ പല തവണ ഈറ്റകൾ മുറിച്ച് മാറ്റിയിരുന്നു. റോഡ് വക്കുകളിൽ കാട്ടാനകൾ നിന്നാൽ കാണാത്ത വിധം ഈറ്റകൾ വളർന്ന് നിൽക്കുകയാണ്. ഈ അവസ്ഥയിൽ ഇതുവഴിയുള്ള ഡ്രൈവിങ് ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. മഴക്കാലം കൂടിയായാൽ കോടമഞ്ഞ് മൂടി കിടക്കുന്ന റോഡിലൂടെയുള്ള ഡ്രൈവിങ് ഏറെ പ്രയാസമാകും.

English Summary:

Angamuzhi-Gavi Road Deterioration: The Angamuzhi-Gavi road, particularly near Seethathod, is in dire need of repair due to numerous potholes and overgrown vegetation, despite recent resurfacing. This neglect impacts tourism to the popular Gavi destination.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com