ആരും കാണാത്തിടത്ത് ബോർഡ്; വൺവേ തെറ്റിക്കൽ പതിവായി

Mail This Article
മല്ലപ്പള്ളി ∙ സെൻട്രൽ ജംക്‌ഷനിൽ ഗതാഗത മുന്നറിയിപ്പു ബോർഡ് സ്ഥാപിച്ചുവെങ്കിലും വൺവേ നിയമം പാലിക്കുന്നത് ഉറപ്പാക്കാൻ അതു പ്രയോജനപ്പെടുന്നില്ല. നാമമാത്രമായ വൺവേ സംവിധാനമുള്ള ടൗണിൽ വാഹനങ്ങൾ തലങ്ങും വിലങ്ങും വാഹനങ്ങൾ പായുന്നതു യാത്ര അപകടഭീതിയിലാക്കുന്നു. കഴിഞ്ഞദിവസം സെൻട്രൽ ജംക്‌ഷനിൽ ട്രാഫിക് സിഗ്നൽ ലൈറ്റിനോടു ചേർന്നു മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു. ഇവിടെനിന്നു നേരെ തിരുവല്ല റോഡിലേക്കു വാഹനങ്ങൾ പ്രവേശിക്കരുതെന്നുള്ള അറിയിപ്പാണു ബോർഡിലുള്ളത്.
വാഹന ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടാത്ത സ്ഥലത്താണു ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ബോർഡ് വച്ചതിനുശേഷവും വൺവേ റോഡിലൂടെ തിരുവല്ല റോഡിലേക്കു വാഹനങ്ങൾ പ്രവേശിക്കുന്നതു തുടരുകയാണ്. കോട്ടയം ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങളാണ് ഇത്തരത്തിൽ പോകുന്നത്. വൺവേ സംവിധാനം രേഖപ്പെടുത്തിയിരുന്ന ബോർഡുകൾ ഡ്രൈവർമാർക്കു കാണാൻ കഴിയാത്തതാണു പ്രശ്നങ്ങൾക്കിടയാക്കുന്നത്. വൺവേ തെറ്റിച്ചു പോകുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യതയേറെയാണ്.
സെൻട്രൽ ജംക്‌ഷനിലെ ഡിവൈഡറിനു മുന്നിലായി മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചാൽ പ്രശ്നപരിഹാരം കണ്ടെത്താനാകും. തിരുവല്ല ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾ കോഴഞ്ചേരി റോഡിലേക്കു പ്രവേശിക്കുന്നത് തടയുന്നതിനും പ്രവേശനമില്ല ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ഇതും ഡ്രൈവർമാർക്ക് കാണാൻ കഴിയാത്ത സ്ഥലത്താണ് സ്ഥാപിച്ചിരിക്കുന്നതെന്ന ആക്ഷേപവുമുണ്ട്.