ഓട്ടത്തിനിടെ ടിപ്പർ കത്തിനശിച്ചു; ഭീതിപരത്തി തീയും പുകപടലവും

Mail This Article
തിരുവല്ല ∙ ദേശീയപാത നിർമാണത്തിന് മെറ്റലുമായി പോയ ടിപ്പർ ലോറി മറ്റു 3 വാഹനങ്ങളിൽ ഇടിച്ച ശേഷം തീപിടിച്ചു നശിച്ചു. തിരുവല്ല – കുമ്പഴ റോഡിൽ മനയ്ക്കച്ചിറയിൽ ഇന്നലെ വൈകിട്ട് 3.15നായിരുന്നു സംഭവം. കോഴഞ്ചേരി ഭാഗത്തുനിന്ന് തിരുവല്ല ഭാഗത്തേക്ക് വരികയായിരുന്ന ഭാരശേഷി കൂടുതലുള്ള ടിപ്പറാണ് അഗ്നിക്കിരയായത്. സംഭവം നടന്നയുടൻ ഡ്രൈവർ ഇറങ്ങി ഓടിയതിനാൽ അപകടത്തിൽനിന്നു രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് വലിയ തോതിൽ തീയും പുകപടലവും ഉയർന്നത് പരിഭ്രാന്തി പരത്തി.മുൻപിൽ പോയ കാർ കവിയൂർ റോഡിലേക്ക് തിരിയാൻ നിർത്തിയപ്പോൾ പിന്നിലുണ്ടായിരുന്ന മറ്റു വാഹനങ്ങളും നിർത്തി.
ഈ സമയം നിറയെ ലോഡുമായി വരികയായിരുന്ന ടിപ്പർ നിയന്ത്രണം നഷ്ടപ്പെട്ട് മുൻപിലുണ്ടായിരുന്ന കാർ, വാൻ, മറ്റൊരു ടിപ്പർ ലോറി എന്നിവയുടെ വശങ്ങളിൽ ഇടിക്കുകയും തീപിടിക്കുകയുമായിരുന്നു. ലോറിയുടെ അടിഭാഗത്തുനിന്ന് തീപടർന്നു തുടങ്ങിയപ്പോൾ മറ്റു വാഹനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് ഓടിച്ചുമാറ്റി.20 മിനിറ്റുകൊണ്ട് ടിപ്പർ ലോറിയുടെ കാബിൻ പൂർണമായും കത്തിനശിച്ചു. മെറ്റൽ കയറ്റിയ ഭാഗത്തിന് കുഴപ്പം പറ്റിയില്ല. റോഡിൽ ഏറെ നേരം ഗതാഗത തടസ്സമുണ്ടായി. തിരുവല്ലയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയുടെ 3 യൂണിറ്റുകളെത്തിയാണ് തീയണച്ചത്. തുടർന്ന് പൊലീസെത്തി ഗതാഗതം നിയന്ത്രിച്ച് ഒറ്റവരിയായി വിട്ടു. കത്തിയ ലോറി ഇന്നലെ രാത്രിയോടെയാണ് മാറ്റിയത്.