ജനവാസ കേന്ദ്രങ്ങളിൽ ശുചിമുറി മാലിന്യം തള്ളി; വലഞ്ഞ് ജനം

Mail This Article
റാന്നി ∙ ഇരുളിന്റെ മറവിൽ ജനവാസ കേന്ദ്രത്തിൽ ശുചിമുറി മാലിന്യം തള്ളി. ദുർഗന്ധം മൂലം ജനങ്ങൾക്കു വഴി നടക്കാനും വാഹനങ്ങളിൽ യാത്ര ചെയ്യാനും പറ്റാത്ത സ്ഥിതി. കുത്തുകല്ലുങ്കൽപടി–മന്ദിരം തിരുവാഭരണ പാതയിൽ രണ്ടിടത്തും പുനലൂർ–മൂവാറ്റുപുഴ പഴയ പാതയിൽ വൈക്കം പെട്രോൾ പമ്പിനു സമീപം പുതുച്ചിറ തോട്ടത്തിലുമാണ് മാലിന്യം തള്ളിയിരിക്കുന്നത്.
തിങ്കളാഴ്ച രാത്രിയിലാണു സംഭവം. പുതുച്ചിറ തോട്ടത്തിൽ രാത്രി 12 മണിയോടെയാണ് ടാങ്കർ വാനിൽ എത്തിച്ച് മാലിന്യം തള്ളിയത്. പുനലൂർ–മൂവാറ്റുപുഴ പുതിയ പാതയോടു ചേർന്നുള്ള തട്ടുകടയ്ക്കു സമീപം നിന്നവർക്ക് ഈ സമയം ദുർഗന്ധം ലഭിച്ചു. റബർ തോട്ടത്തിലെ അടിക്കാടിലേക്കാണു മാലിന്യം ഒഴുക്കി വിട്ടത്. ഇത് ചുറ്റും പടർന്നിട്ടുണ്ട്.
തിരുവാഭരണ പാതയിൽ അയ്യപ്പ സത്രം നടന്ന ഭാഗത്തും കലുങ്കിനു സമീപവുമുള്ള നീരൊഴുക്കിലേക്കുമാണു മാലിന്യം തള്ളിയത്. ഇന്നലെ പുലർച്ചെ 3.05ന് ശേഷമാണ് മാലിന്യം നീർച്ചാലിൽ ഒഴുക്കിയത്. സമീപത്തെ വീട്ടിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിൽ 3.05ന് ടാങ്കർ വാൻ കടന്നു പോകുന്നതിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
നീർച്ചാലിൽ ഒഴുക്കിയ മാലിന്യം കാളപ്പാലം തോട്ടിലൂടെ ഒഴുകി പമ്പാനദിയിലാണ് എത്തുന്നത്. മുൻപും പലതവണ തിരുവാഭരണ പാതയിലും പരിസരങ്ങളിലും ശുചിമുറി മാലിന്യം തള്ളിയിരുന്നു. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് റാന്നി പഞ്ചായത്ത് പൊലീസിൽ പരാതി നൽകി.