പ്രണയം ചക്കയോട് മാത്രം..!! കരിയില പോലും അനങ്ങാതെ പതുങ്ങി എത്തി; മടക്കം സെൽഫിക്കു വരെ പോസ് ചെയ്ത്

Mail This Article
സീതത്തോട്∙ മൂഴിയാർ 40 ഏക്കറിൽ ‘ചക്കക്കൊമ്പൻ’ എത്തി. ശബരിഗിരി പദ്ധതിയുടെ ക്വാർട്ടേഴ്സുകൾക്കു സമീപമുള്ള പ്ലാവിലെ ചക്കകൾ തിന്നുകയാണ് കാട്ടുകൊമ്പന്റെ ലക്ഷ്യം. കരിയില പോലും അനങ്ങാതെ പതുങ്ങി എത്തുന്ന കരിവീരൻ കഴിഞ്ഞ രാത്രി എട്ട് മണിയോടെ പ്ലാവിൻ ചുവട്ടിൽ എത്തിയപ്പോൾ തന്നെ സ്ഥലവാസികൾ പൊക്കി.ഇതൊന്നും കണ്ടില്ല എന്ന മട്ടിലായിരുന്നു ചക്ക കൊമ്പൻ. അത്യാവശ്യം വേണ്ട ചക്കകൾ പറിച്ചെടുത്ത് സമീപം മൊബൈൽ ഫോണുമായി കാത്തു നിന്നവരെ മുഖം കാണിച്ച് സെൽഫിക്കു പോസ് ചെയ്ത ശേഷം വന്ന വഴിയേ മടങ്ങി.
ചക്കകൾ കണ്ട സ്ഥിതിക്കു വീണ്ടും വരുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാതെ സമീപത്തെ അമ്പല വാർഡിലൂടെ നടന്നാണ് വരവ്. അമ്പലത്തിനു പിന്നിലായുള്ള കാട്ടിലാണ് വാസം. ചക്ക തീരും വരെ ഇവിടെ രാത്രി സമയം ചക്കക്കൊമ്പന്റെയും കൂട്ടുകാരുടെയും സാന്നിധ്യം ഉണ്ടാവും.ശബരിഗിരി പവർഹൗസിൽ രാത്രിയിലെ ജോലി കഴിഞ്ഞ് എത്തുന്നവരിൽ പലരും ഒറ്റയ്ക്കാണ് ക്വാർട്ടേഴ്സുകളിലേക്കു മടങ്ങുന്നത്. ചുറ്റും രാത്രി ലൈറ്റുകൾ ഉള്ളതിനാൽ പെട്ടെന്നു കാണാനാകും. എങ്കിലും സൂക്ഷിക്കണമെന്നാണ് അധികൃതരുടെ നിർദേശം.