മാലിന്യമുക്ത നവകേരളം പ്രഖ്യാപനത്തിലൊതുങ്ങിയോ? നിരത്തുകളിലും പൊതു സ്ഥലങ്ങളിലും മാലിന്യം വലിച്ചെറിയുന്നു

Mail This Article
റാന്നി ∙ മാലിന്യമുക്ത നവകേരളം ക്യാംപെയ്നിന്റെ ഭാഗമായ പഞ്ചായത്തുകളുടെ ഹരിത പ്രഖ്യാപനം പാഴ്‌വാക്കാകുമോ? നിരത്തുകളിലും പൊതു സ്ഥലങ്ങളിലും മാലിന്യം വലിച്ചെറിയുന്നതു കാണുമ്പോഴാണ് നാട് പഴയ നിലയിലാകുമോയെന്ന ആശങ്ക ഉയരുന്നത്. നവകേരളം ക്യാംപെയ്നിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളും കഴിഞ്ഞ മാസം അവസാനം ഹരിതമായി പ്രഖ്യാപിച്ചിരുന്നു. ഹരിത കർമസേനകൾ സംഭരിച്ചിരുന്ന മാലിന്യം നീക്കം ചെയ്തും പൊതു സ്ഥലങ്ങളും നിരത്തുകളും ശുചീകരിച്ചുമാണ് പ്രഖ്യാപനങ്ങൾ നടത്തിയത്.
എന്നാൽ ഇപ്പോഴും വലിച്ചെറിയലിനു കുറവില്ല. പുനലൂർ–മൂവാറ്റുപുഴ പാതയിലൂടെ യാത്ര ചെയ്താൽ വശങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞിരിക്കുന്നതു കാണാം. വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ വാഹനങ്ങളിലെത്തുന്നവരാണ് ഭക്ഷണാവശിഷ്ടങ്ങൾ അടക്കം വശങ്ങളിൽ വലിച്ചെറിയുന്നത്. മണ്ണാറക്കുളഞ്ഞി ജംക്‌ഷനും മൂഴിയാർ ജംക്‌ഷനും മധ്യേ മേക്കൊഴൂർ റോഡിനു താഴെയായി പ്ലാസ്റ്റിക് കവറുകളിൽ കെട്ടി തുടരെ മാലിന്യം തള്ളുകയാണ്. മദ്യക്കുപ്പികളും ഇവിടെ നിറഞ്ഞിട്ടുണ്ട്. മൈലപ്ര പഞ്ചായത്തിന്റെ അതിർത്തി പ്രദേശമാണിത്. റാന്നി പഞ്ചായത്ത് വെളിവയൽപടി–റാന്നി വലിയപാലം വരെയും പഴവങ്ങാടി പഞ്ചായത്ത് വലിയപാലം മുതൽ പ്ലാച്ചേരി വരെയും വശങ്ങളിൽ കിടന്ന മാലിന്യം നീക്കം ചെയ്തിരുന്നു.
എന്നാൽ ഇപ്പോഴും മാലിന്യം യാത്രക്കാർ തള്ളുന്നുണ്ട്. ബ്യൂട്ടി പാർലർ നിന്നുള്ള മാലിന്യം അടക്കം മാമുക്ക് പാലത്തിനു സമീപം തോട്ടിൽ വലിച്ചെറിയുന്നുണ്ട്. ഇരുളിന്റെ മറവിൽ അതിഥി തൊഴിലാളികളാണ് മാലിന്യം തള്ളുന്നത്. ഇട്ടിയപ്പാറ വലിയതോട്ടിൽ മാലിന്യം തള്ളുന്നതു പുതുമയല്ലാതായിരിക്കുന്നു. കടകളിലെയും വീടുകളിലെയും മലിനജലം അടക്കമാണു തോട്ടിലേക്ക് ഒഴുക്കുന്നത്. ഇത്തരക്കാരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കാൻ പഞ്ചായത്തുകളും ആരോഗ്യ വകുപ്പും തയാറാകുന്നില്ല. ആരോഗ്യ വകുപ്പ് ജീവനക്കാർ കാഴ്ചക്കാരായി നിന്ന് ഇതിനു കൂട്ടു നിൽക്കുന്നതായി വ്യാപക പരാതി ഉയർന്നിട്ടുണ്ട്. ഇതു ചൂണ്ടിക്കാട്ടി പരിസ്ഥിതി സംഘടനകൾ വകുപ്പു മന്ത്രിക്കു പരാതി നൽകിയിട്ടുണ്ട്.