വനത്തിലേക്ക് മാലിന്യംതള്ളൽ: വനപാലകർ കാണുന്നില്ലേ?;;

Mail This Article
റാന്നി ∙ മാലിന്യ മുക്ത നവകേരളം ക്യാംപെയ്നും പഞ്ചായത്തുകളുടെ ഹരിത പ്രഖ്യാപനവുമൊന്നും വനം വകുപ്പ് അറിഞ്ഞിട്ടില്ലേ? വനങ്ങളിൽ തുടരെ മാലിന്യം നിറയുമ്പോഴാണ് വനപാലകരുടെ നിസ്സഹകരണം ചർച്ചയാകുന്നത്. റാന്നി, വടശേരിക്കര, എരുമേലി എന്നീ വനം റേഞ്ചുകളുടെ പരിധിയിലാണ് തുടരെ മാലിന്യം നിക്ഷേപിക്കുന്നത്. വിജനമായ പ്രദേശങ്ങളിൽ വാഹനങ്ങളിലെത്തിച്ചു മാലിന്യം തള്ളുകയാണ്. ഇതു വർധിക്കുമ്പോഴും വനപാലകർ കാഴ്ചക്കാരായി നിൽക്കുകയാണ്.
ചെത്തോങ്കര–അത്തിക്കയം പാതയിൽ കരികുളം, അഞ്ചുകുഴി–നാറാണംമൂഴി റോഡിൽ മൂങ്ങാപ്പാറ, പുനലൂർ–മൂവാറ്റുപുഴ പാതയിൽ പൊന്തൻപുഴ, പ്ലാച്ചേരി–എരുമേലി പാതയിൽ പ്ലാച്ചേരി, ചെട്ടിമുക്ക്–പൊന്തൻപുഴ റോഡിൽ വലിയകാവ്, ചിറ്റാർ–വടശേരിക്കര പാതയിൽ മണിയാർ, ചണ്ണ–കുരുമ്പൻമൂഴി വന പാതയിലെ പെരുന്തേനരുവി എന്നിവിടങ്ങളിലെല്ലാം തുടരെ മാലിന്യം വലിച്ചെറിയുന്നു. കരികുളം വനത്തിൽ തേക്കടി ജംക്‌ഷൻ–വനത്തുംമുറി വരെയും വനംത്തുംമുറി–മൂങ്ങാപ്പാറ വരെയും ഇതേ കാഴ്ചയുണ്ട്.
വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും കേറ്ററിങ്ങുകാരുടെയും മാലിന്യം വൻതോതിൽ കരികുളം വനത്തിൽ തള്ളുന്നു. പൊന്തൻപുഴ വനത്തിൽ പ്ലാച്ചേരി–പൊന്തൻപുഴ വരെ വൻതോതിൽ മാലിന്യ നിക്ഷേപിക്കുന്നു. കോഴി, മീൻ കടകളിലെ അവശിഷ്ടങ്ങളും വനത്തിൽ തള്ളുന്നതിനാൽ തെരുവു നായ്ക്കളെ ഭയന്നു ഇതിലെ നടക്കാൻ പറ്റില്ല. പ്ലാച്ചേരി മുതൽ കനകപ്പലം വരെയും മാലിന്യം തള്ളുന്നു. പലപ്പോഴും അവ റോഡിൽ കിടക്കുന്നതു കാണാം.
വാഹനങ്ങൾ കയറിയിറങ്ങി ചതഞ്ഞരഞ്ഞ് കുടലും പണ്ടവും കിടക്കന്നതു കാണാം. വലിയകാവ് വനാതിർത്തി മുതൽ ചതുപ്പ് വരെ മാലിന്യം വലിച്ചെറിഞ്ഞിട്ടുണ്ട്. വീടുകളിൽ ഉപയോഗിക്കാനാകാത്ത സാധനങ്ങളെല്ലാം വനത്തിലാണു തള്ളുന്നത്. ചിറ്റാർ റോഡിൽ പേഴുംപാറ മുതൽ മണിയാർ വരെയാണ് മാലിന്യം വനത്തിൽ വലിച്ചെറിയുന്നത്.
ആരും ചോദിക്കാനും പറയാനുമില്ലാത്തതിന്റെ നേർരേഖയാണ് ഈ കാഴ്ചകൾ. വനത്തിൽ മാലിന്യം തള്ളുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് ഫ്ലെക്സ് സ്ഥാപിച്ചാൽ ഇതിനു പരിഹാരമാകുമോയെന്നാണ് യാത്രക്കാരുടെ ചോദ്യം.