ഇരട്ടത്തിളക്കക്കുട്ടികൾ...!! അൽ അമീൻ, അമൽന; ശ്രീഹരി, ശ്രീനന്ദിനി

Mail This Article
ഇരട്ടിമധുരവുമായി അൽ അമീനും അമൽനയും
കോഴഞ്ചേരി ∙ രണ്ട് സ്കൂളിലാണ് പഠനമെങ്കിലും ഫുൾ എ പ്ലസിന്റെ ഇരട്ടിമധുരവുമായി ഇരട്ടകൾ. കാട്ടൂർ പേട്ടയിൽ തെക്കെമാവുങ്കമണ്ണിൽ ഷംനാദ് കുട്ടിയുടെയും ഷാനി ഷംനദിന്റെയും ഇരട്ടക്കുട്ടികളായ അൽ അമീനും അമൽനയുമാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്.
അൽ അമീൻ സെന്റ് തോമസ് ഹൈസ്കൂളിലും സഹോദരി സെന്റ് മേരീസ് ജിഎച്ച്എസിലുമായിരുന്നു പഠനം. ദിവസവും പഠിപ്പിക്കുന്ന പാഠങ്ങൾ അന്നുതന്നെ പഠിക്കുന്ന ശീലമാണ് വിജയത്തിന് കാരണമായതെന്നാണ് കുടുംബം പറയുന്നത്. ആരോഗ്യരംഗത്തെ തുടർപഠനം അമൽന ഉന്നം വയ്ക്കുമ്പോൾ ബിസിനസ് മേഖലയിലെ കോഴ്സ് ചെയ്യാനാണ് അൽ അമീന് താൽപര്യം.
മിന്നുംവിജയവുമായി ശ്രീഹരിയും ശ്രീനന്ദിനിയും
കോഴഞ്ചേരി ∙ ഇരട്ടകളായി ജനിച്ചവർ ഒറ്റക്കെട്ടായി പഠിച്ചു, മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി മിന്നുംവിജയം. മാരാമൺ പുത്തൻവീട്ടിൽ സജിയുടെയും സന്ധ്യയുടെയും ഇരട്ടക്കുട്ടികളായ ശ്രീഹരിയും ശ്രീനന്ദിനിയും ഈ കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിലാണ് തിളക്കമുള്ള വിജയം നേടിയത്.
ഗവ. എച്ച്എസ്എസിലായിരുന്നു ശ്രീഹരിയുടെ പഠനം. സെന്റ് മേരീസ് ജിഎച്ച്എസിലാണു ശ്രീനന്ദിനി പഠിച്ചത്. പഠനകാര്യത്തിൽ ഒരു വിട്ടുവീഴ്ചയും കാണിക്കാതെ സംശയങ്ങൾ ഗുരുക്കന്മാരോടു ചോദിച്ചു മനസ്സിലാക്കിയുള്ള പഠനമാണ് ഇവരുടെ വിജയത്തിനു കാരണമെന്നു അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു. ആരോഗ്യ മേഖലയിലെ തുടർപഠനമാണ് ഇരുവരുടെയും ലക്ഷ്യം.